യു.എൻ കമ്മീഷണറുടെ ആരോപണം ബഹ്റൈൻ നിഷേധിച്ചു

മനാമ : ഐക്യരാഷ്ട്രസഭയുടെ സ്ഥിരം പ്രതിനിധി ചെയർമാൻ ഡോ. യൂസഫ് ബുച്ചേരിയുടെ നേതൃത്വത്തിലുള്ള ബഹ്റൈൻ പ്രതിനിധി സംഘം യുഎൻ കമ്മീഷണറുടെ പ്രസ്താവനയിൽ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ചു. രാജ്യത്ത് മനുഷ്യാവകാശങ്ങളെക്കുറിച്ച് തുടർച്ചയായുണ്ടാകുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ ഡോ. ബുച്ചേരി ആശങ്ക പ്രകടിപ്പിച്ചു.
രാജ്യത്തിനെതിരെ, ശത്രുതാപരമായ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് ഇത്തരം ആരോപണങ്ങൾ മനഃപൂർവ്വം പ്രചരിപ്പിക്കുന്നത്. ഈ ആരോപണങ്ങൾ മനുഷ്യാവകാശങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും മുൻകയ്യെടുക്കുന്ന ബഹ്റൈനെ ലോകത്തിന് മുന്നിൽ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മേഖലകളിലും മനുഷ്യാവകാശങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രാജ്യം പൂർണ്ണ ഉത്തരവാദിത്വത്തോടെയാണ് പ്രവർത്തിക്കുന്നതെന്നും ഡോ. ബുച്ചേരി പറഞ്ഞു.
ബഹ്റൈൻ അതിന്റെ സാമൂഹ്യ ഘടനയിലും സന്പന്നമായ സംഭാവനകളിലും അഭിമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ദേശീയതയിൽ പങ്കാളികളാണെന്നും എല്ലാ മേഖലകളിലും വ്യക്തമായ മുൻതൂക്കമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബഹ്റൈന്റെ ഭരണഘടനയിലുള്ള ആർട്ടിക്കിൾ 23ലെ അഭിപ്രായ സ്വാതന്ത്ര്യവും അഭിപ്രായപ്രകടവും നിലനിൽക്കുന്നതാണെന്നും എല്ലാ ദേശീയ നിയമങ്ങളും മാനവിക അവകാശങ്ങളും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും രാജ്യം പരിഗണിക്കുന്നുണ്ടെന്നും ഡോ. ബുച്ചേരി പറഞ്ഞു.
ബഹ്റൈൻ സന്ദർശിക്കാൻ ഹൈക്കമ്മീഷണറുടെ ഓഫീസും സ്പെഷൽ പ്രൊസീജ്യറീസ് ഓഫീസും വിലക്കേർപ്പെടുത്തിയെന്ന ആരോപണത്തെ തുടർന്നായിരുന്നു ഇത്. കൃത്യമായ വിശദീകരണമില്ലാതെയാണ് ബഹ്റൈൻ ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യാവകാശങ്ങൾ, അന്തർദേശീയ നിലവാരങ്ങൾ, ദേശീയ റിപ്പോർട്ടുകളുടെ അവതരണം എന്നിവയുമായി രാജ്യത്തിന്റെ സഹകരണം ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.