കവർച്ചാസംഘങ്ങൾ പലയിടത്തും ചുവടുറപ്പിക്കുന്നു

മനാമ : ബഹ്‌റൈനിലെ പല പ്രദേശങ്ങളിലും ക്രിമിനൽ സ്വഭാവമുള്ള കവർച്ചാ സംഘങ്ങൾ ചുവടുറപ്പിക്കുന്നു. അടുത്ത ദിവസങ്ങളിൽ ആഫ്രിക്കൻ വംശജരെന്ന് സംശയിക്കുന്ന ഒരു സംഘത്തിന്റെ കവർച്ചയ്ക്ക് മലയാളികൾ അടക്കമുള്ള പലരും ഇരയായി. കഴിഞ്ഞ ദിവസം ഗുദൈബിയയിൽ വടകര സ്വദേശി നിസാർ (മിലൻ) ഇത്തരത്തിലുള്ള ഒരു സംഘത്തിന്റെ തട്ടിപ്പിന് ഇരയായി.
നിസാർ ഫുട് പത്തിലൂടെ നടന്നു പോകവേ കൂടെ നടന്നു വന്ന ആഫ്രിക്കൻ സ്വദേശി ദേഹത്ത് തുപ്പുകയായിരുന്നു ആദ്യം ചെയ്തത്. അറിയാതെ ചെയ്തു പോയതെന്ന വ്യാജേന അദ്ദേഹം മാപ്പ് പറയുകയും തുടർന്ന് കൈയ്യിൽ കരുതിയിരുന്ന കർച്ചീഫെടുത്ത് നിസാറിന്റെ ഷർട്ടിലെ തുപ്പിയ ഭാഗം തുടച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് രണ്ടുപേരും അവിടെ നിന്ന് പിരിഞ്ഞു. പിന്നീട്, കടയിൽ എത്തിയപ്പോഴാണ് ഷർട്ടിന്റെ പോക്കറ്റിൽ കരുതിയിരുന്ന 500 ദിനാർ നഷ്ടപ്പെട്ടത് നിസാർ അറിയുന്നത്.
ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന പണം തുപ്പൽ തുടയ്ക്കുന്ന സമയത്ത് അതിവിദഗ്ദ്ധമായി ആഫ്രിക്കൻ സ്വദേശി അപഹരിച്ച കാര്യം അപ്പോഴാണ് നിസാർ മനസ്സിലാക്കിയത്. അതേദിവസം സമാനമായ അനുഭവം മറ്റൊരാൾക്കും ഉണ്ടായതായി നിസാർ പറഞ്ഞു. പണം എടുത്ത വിവരം ഉടൻ മനസ്സിലാക്കിയ മറ്റൊരു മലയാളി കവർച്ചക്കാരനെ തിരഞ്ഞ് പിടിച്ചതോടെ കൈക്കലാക്കിയ പണം തിരികെ എറിഞ്ഞ് കൊടുത്ത് രക്ഷപ്പെട്ട സംഭവവും ഗുദൈബിയയിൽ തന്നെ ഉണ്ടായി.
ഹൂറ, മനാമ എന്നീ ഭാഗങ്ങളിലെല്ലാം ഇത്തരം ആസൂത്രിതമായ പിടിച്ചുപറി നടക്കുന്നുണ്ട്. ഒരു മാസം മുൻപാണ് ഗുദൈബിയയിൽ കുട്ടികളെ സ്‌കൂൾ ബസിൽ വിട്ടുവന്ന വീട്ടമ്മയുടെ മാല യുവാവ് അപഹരിച്ച് ഓടിയത്. സ്വർണ്ണം അണിഞ്ഞ് ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെയും അധികം ആൾ സഞ്ചാരമില്ലാത്ത വഴിയിലൂടെ നടക്കുന്നവരെയും പലതരത്തിലും കബളിപ്പിച്ച് പണം തട്ടുന്ന വലിയൊരു സംഘം ബഹ്റിന്റെ പല ഭാഗങ്ങളിലും ചുവടുറപ്പിച്ചിട്ടുണ്ടെന്നാണ് സമീപകാലത്തെ പല സംഭവങ്ങളിൽ നിന്നും വ്യക്തമാകുന്നത്.