വരുന്നു അവധിക്കാലം; ഇനി സമ്മർ ക്യാന്പുകളുടെ നാളുകൾ

രാജീവ് വെള്ളിക്കോത്ത്
മനാമ: ബഹ്‌റൈനിൽ വേനലവധിക്കാലം ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിവിധ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മർ ക്യാന്പുകളുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ബഹ്റൈനിൽ പ്രവാസി കുട്ടികളെ മാത്രം ലക്ഷ്യമാക്കി പത്തിലധികം സമ്മർ ക്യാന്പുകൾ സംഘടിപ്പിക്കുന്നുണ്ട്. അക്കാദമിക് പഠനങ്ങളിൽ നിന്ന് വ്യത്യസ്‍തമായി കുട്ടികളുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്കായി വിവിധ തരത്തിലുള്ള പദ്ധതികളാണ് ഓരോ സമ്മർക്യാന്പ് സംഘാടകരും കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്. പല പ്രവാസി കുടുംബങ്ങളും അവധിക്കാലം നാട്ടിൽ ചിലവഴിക്കുകയോ അല്ലെങ്കിൽ മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് പോകാനുള്ള പദ്ധതികൾ ഒരുക്കുന്പോൾ വലിയൊരു ശതമാനം കുടുംബങ്ങൾ അവധിക്കാലം പ്രവാസ ലോകത്ത് തന്നെ ചിലവഴിക്കുന്നുണ്ട്. കന്പനികളിലെ അവധിക്കാലം, വേനൽ അവധിക്കാലത്തെ ഉയർന്ന ടിക്കറ്റ് നിരക്ക് എന്നിവയെല്ലാമാണ് വലിയൊരു ശതമാനം പ്രവാസികളെയും ഇത്തരത്തിൽ ചിന്തിപ്പിക്കുന്നത്. പക്ഷെ സ്‌കൂൾ അവധിക്കാലമാകുന്നതോടെ ജോലിയുള്ള രക്ഷിതാക്കൾക്ക് മക്കളെ വീട്ടിൽ നിർത്തിപോകേണ്ടിവരുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരം പ്രശ്നങ്ങൾക്ക് കൂടി ഒരു വലിയ അളവ് ആശ്വാസമാണ് സമ്മർ ക്യാന്പുകൾ.
ബഹ്‌റൈനിലെ വിവിധ മലയാളി സംഘടനകളാണ് ഏറ്റവും കൂടുതൽ സമ്മർ ക്യാന്പുകൾ സംഘടിപ്പിക്കുന്നത്. മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയായ ബഹ്‌റൈൻ കേരളീയ സമാജം തുടർച്ചയായ വർഷങ്ങളിൽ സമ്മർക്യാന്പ് നടത്തിവരുന്നുണ്ട്. മികച്ച പ്രവർത്തിപരിചയമുള്ളവരെയാണ് കേരളത്തിൽ നിന്നും ക്യാന്പിന്റെ മേൽനോട്ടത്തിനായി കൊണ്ടുവരുന്നത്. പ്രമുഖ നാടക, ചലച്ചിത്ര പ്രവർത്തകനായ പ്രശാന്ത് നാരായണനാണ് ഇത്തവണ കളിക്കളം എന്ന് പേരിട്ടിരിക്കുന്ന ബി.കെ.എസ് ക്യാന്പിന് ചുക്കാൻ പിടിക്കുന്നത്. മോഹൻലാലും മുകേഷും അഭിനയിച്ച ‘ഛായാമുഖി’ എന്ന നാടകം എഴുതി സംവിധാനം ചെയ്ത ആൾ എന്ന നിലയിലും നിരവധി നാടക ക്യാന്പുകൾ നടത്തിയ അനുഭവസന്പത്തുള്ള വ്യക്തി എന്ന നിലയിലും പ്രശാന്ത് കുട്ടികളുടെ കളരിയിൽ ശ്രദ്ധേയനാണ്. ചിത്രരചന, പാട്ട്, നൃത്തം തുടങ്ങി കൊച്ചുകുട്ടികൾക്ക് ഏറെ സന്തോഷം പകരുന്ന വിവിധ വിഷയങ്ങളിൽ സമാജത്തിലെ മുൻപരിചയമുള്ള അദ്ധ്യാപികമാരും ക്യാന്പിൽ ഉണ്ടാകും.
കേരളാ കാത്തലിക് അസോസിയേഷൻ സംഘടിപ്പിക്കുന്ന സമ്മർ ക്യാന്പിന്റെ ചുക്കാൻ പിടിക്കാൻ കൊണ്ടുവരുന്നത് ജിക്കു ചാക്കോയെ ആണ്. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ കുട്ടികളുടെ നാടകക്കളരിയിലും നിരവധി സമ്മർ ക്യാന്പിലും പയറ്റിത്തെളിഞ്ഞ പരിചയ സന്പന്നനായ കുട്ടികളുടെ ജിക്കു ചേ
ട്ടൻ എന്നറിയപ്പെടുന്ന അദ്ദേഹം ഇപ്പോൾ നിരവധി ചലച്ചിത്രങ്ങളിലും അഭിനയിക്കുന്ന കലാകാരൻ കൂടിയാണ്. ആർട്ട്, ക്രാഫ്റ്റ് വിഷയങ്ങളിൽ കെ.സി.എയിലെ വനിതാ വിഭാഗം അംഗങ്ങളും മറ്റ് കലാകാരന്മാരും ക്ലാസെടുക്കും.
കൗൺസിലിംഗ് രംഗത്തും നിരവധി ഹ്രസ്വകാല വിദ്യാഭ്യാസ പദ്ധതികളിലൂടെയും ശ്രദ്ധേയമായ നേട്ടം കൈവരിച്ച പ്രവാസി ഗൈഡൻസ് ഫോറം ഇത്തവണ സമ്മർക്യാന്പ് രംഗത്തും സജീവമാണ്. ബ്രെയിൻ ട്രെയിൻ, യോഗ, സംഗീതം എന്നിവയിലും മാനസിക സമ്മർദ്ദം ഇല്ലാതാക്കുന്ന പലതരം കളികളും മറ്റ് പരിപാടികളിലൂടെയും ക്യാന്പ് മുന്നോട്ട് കൊണ്ടുപോകാനാണ് പി.ജി.എഫ് തീരുമാനിച്ചിരിക്കുന്നത്.
ഇന്ത്യൻ ടാലന്റ് അക്കാദമിയുടെ ആഭിമുഖ്യത്തിലും ഇത്തവണ സമ്മർ ക്യാന്പ് സംഘടിപ്പിക്കുന്നുണ്ട്. കരാട്ടെ, യോഗ പരിശീലനം, നീന്തൽ പരിശീലനം, ആർട്ട്, ക്രാഫ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ സുപരിചിതരായ ആളുകളുടെ മേൽനോട്ടത്തിലാണ് ഇവിടെ സമ്മർ ക്യാന്പ് നടക്കുകയെന്ന് സംഘാടകർ പറഞ്ഞു. ബഹ്‌റൈനിലെ കലാ സ്ഥാപനമായ കലാഭവനിലും വിവിധ ഹൃസ്വകാല കോഴ്‌സുകളോടെ സമ്മർ ക്യാന്പ് സംഘടിപ്പിക്കുന്നുണ്ട്.
ബഹ്‌റൈനിലെ പ്രവാസികളുടെ ആദ്യത്തെ ക്ലബ്ബ് എന്നറിയപ്പെടുന്ന ഇന്ത്യൻ ക്ലബ്ബിൽ വർഷങ്ങളായി സംഘടിപ്പിക്കുന്ന സമ്മർക്യാന്പ് ഇത്തവണയും വിവിധ പരിശീലന പദ്ധതികളോടെ നടത്തുന്നുണ്ട്. നീന്തൽ പരിശീലനം അടക്കമുള്ള വിവിധ പരിശീലന പരിപാടികളാണ് ഇവിടെ ഏർപ്പെടുത്തിയിട്ടുള്ളത്.
ഗെയിംസ് മാത്രം താൽപ്പര്യമുള്ള കുട്ടികൾക്കായി ബഹ്‌റൈൻ ബാഡ്മിന്റൺ സെന്ററിന്റെ ആഭിമുഖ്യത്തിൽ അൽ അഹ്−ലി േസ്റ്റഡിയത്തിൽ വെച്ച് ഒരു മാസത്തെ ബാഡ്മിന്റൺ കോച്ചിംഗും വേനൽക്കാല അവധിയിൽ സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ബഹ്‌റൈനിലെ വിവിധ പള്ളികളുടെ ആഭിമുഖ്യത്തിലുള്ള അവധിക്കാല ക്യാന്പുകൾ, മലയാളം പാഠശാലയുടെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിലുള്ള ക്ലാസുകൾ, ഫുട്‌ബോൾ കോച്ചിംഗ് ക്യാന്പ്, ക്രിക്കറ്റ് കോച്ചിംഗ് ക്യാന്പ്, വിവിധ മേഖലകളിൽ പ്രാവീണ്യമുള്ള ഗുരുക്കന്മാരുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സംഗീത - ചിത്രരചനാ, നൃത്ത ക്ലാസുകളും അവധിക്കാലത്ത് നടന്നു വരുന്നുണ്ട്. സമ്മർ ക്യാന്പുകൾ സംഘടിപ്പിക്കുന്ന മിക്കസംഘടനകളും ഗതാഗത സൗകര്യങ്ങളും ഏർപ്പാടാക്കിയിട്ടുള്ളത് രക്ഷിതാക്കൾക്ക് ആശ്വാസമേകുന്നു. 30 ദിനാർ മുതൽ 60 ദിനാർ വരെയാണ് വിവിധ സമ്മർ ക്യാന്പുകളിലെ ഫീസ് നിരക്ക്.