താമസക്കാരെ ഞെട്ടിച്ച് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി ബില്ലുകൾ


മനാമ : ഹിദ്ദിലെ പുതിയ താമസക്കാരെ ഞെട്ടിച്ച് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി (ഇ.ഡബ്ല്യൂ.എ) ബില്ലുകൾ. മുനിസിപ്പാലിറ്റി അഫേഴ്സ് ആന്റ് അർബൻ പ്ലാനിംഗ് വിഭാഗം പുതിയ വിലാസം നൽകിയതിനെത്തുടർന്നാണ് ഉയർന്ന നിരക്കിലുള്ള ബില്ലുകളെത്തിയത്. പുതിയ താമസക്കാരെ സബ്സിഡികളിൽനിന്ന് ഒഴിവാക്കിയതാണ് ബില്ലുകൾ ഉയർന്നതിന് കാരണം. 40 ബഹ്റൈൻ ദിനാർ വരെ ബില്ല് ലഭിച്ചിരുന്നവർക്ക് 300 ബഹ്റൈൻ ദിനാർ വരെയുള്ള ബില്ലുകളാണ് കിട്ടിയിരിക്കുന്നത്.
ചില പ്രദേശങ്ങളുടെ വിലാസം മാറിയത് മന്ത്രാലയം അറിയിച്ചില്ലെന്ന് താമസക്കാർ പറയുന്നു. ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി (ഇ.ഡബ്ല്യൂ.എ) സെൻട്രൽ ഇൻഫോർമാറ്റിക്സ് ഓർഗനൈസേഷൻ (സി.ഐ.ഒ) ഉൾപ്പെടെയുള്ള നിരവധി സർക്കാർ സ്ഥാപനങ്ങൾക്കും മന്ത്രാലയം വിവരങ്ങൾ കൈമാറിയിട്ടില്ല. ഹിദ്ദിലെ 109 ബ്ലോക്ക് പൂർണ്ണമായും 113 ബ്ലോക്കാക്കി മാറ്റിയതായി മുഹറഖ് മുനിസിപ്പൽ കൗൺസിലിലെ ഏരിയ പ്രതിനിധി യൂസുഫ് അൽ തവാദി പറഞ്ഞു. മുൻകൂർ അറിയിപ്പ് കൂടാതെ ബ്ലോക്ക് മാറ്റിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷം തന്റെ തിരിച്ചറിയൽ കാർഡ് പുതുക്കുന്നതിന് എത്തിയപ്പോഴാണ് പ്രദേശവാസിയായ ഒരാൾ സംഭവം അറിയുന്നത്. ഇ.ഡബ്ല്യു.എ ബില്ലുകളിൽ സബ്സിഡികൾ റദ്ദാക്കിയതോടെ പരാതികൾ വർദ്ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
നൂറുകണക്കിന് കുടുംബങ്ങളെയാണ് ഈ തീരുമാനം ബാധിച്ചിരിക്കുന്നത്. 109 ബ്ലോക്ക് (ഇപ്പോൾ ബ്ലോക്ക് 113) ഹിദ്ദിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ ബ്ലോക്കാണ്. ജീവിതച്ചിലവ് ഉയർന്നത് പൗരന്മാർക്ക് ഇതിനോടകം ഭാരമായിട്ടുണ്ടെന്നും അതോടോപ്പം അന്യായമായ ചിലവുകൾ കൊണ്ട് അവരെ അസ്വസ്ഥരാക്കരുതെന്നും അൽ തവാദി പറഞ്ഞു. ഇ.ഡബ്ല്യുഎയുടെ വ്യവസ്ഥ പ്രകാരം, പുതിയ 113ാം ബ്ലോക്കിൽ പുതുതായി രജിസ്റ്റർ ചെയ്ത പൗരൻമാരുടെ സബ്സിഡികൾ നീക്കം ചെയ്തതായും അൽ തവാദി പറഞ്ഞു. വിലാസം മാറിയതിനാൽ താമസക്കാരുടെ പേരിൽ വരുന്ന ഔദോഗിക കത്തുകളും മറ്റ് രേഖകളും അവരുടെ കൈവശം എത്തുന്നില്ലെന്നും അൽ തവാദി ആരോപിച്ചു.