വധശിക്ഷ ഇളവ് ചെയ്തതിന് രാജാവിന് നന്ദിയറിയിച്ച് എൻ.ഐ.എച്ച്.ആർ
മനാമ : 2017ലെ ഭീകരാക്രമണ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളുടെ വധശിക്ഷ ജീവപര്യന്തം തടവായി ഇളവ് ചെയ്തതിന് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവിന് നാഷണൽ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹ്യൂമൻ റൈറ്റ്സ് (എൻ.ഐ.എച്ച്.ആർ) നന്ദിയറിയിച്ചു. എൻ.ഐ.എച്ച്.ആർ പ്രസിഡണ്ട് മരിയ ഖൗരിയാണ് രാജാവിനെ നന്ദിയറിയിക്കുകയും അഭിനന്ദിക്കുകയും ചെയ്തത്.
എൻ.ഐ.എച്ച്.ആർ ബോർഡ് ഓഫ് കമ്മീഷണർമാരുടെയും അഫിലിയേറ്റുകളുടെയും പ്രതിനിധിയായി സംസാരിക്കുകയായിരുന്നു മരിയ ഖൗരി. ജനങ്ങളോടുള്ള സ്നേഹവും സഹിഷ്ണുതയും പ്രതിഫലിക്കുന്ന രാജാവിന്റെ തീരുമാനത്തെ അവർ പ്രകീർത്തിച്ചു. നിയമപരമായ വിചാരണ ഉറപ്പാക്കാൻ എൻ.ഐ.എച്ച്.ആർ സംഘം ഇന്റർനാഷണൽ കവനെന്റ് ഓൺ സിവിൽ ആന്റ് പൊളിറ്റിക്കൽ റൈറ്റ്സ് (ഐ.സി.സി.പി.ആർ)ന്റെ ഒപ്പം കോടതിയിലെ എല്ലാ സെക്ഷനുകളിലും പങ്കെടുത്തുവെന്നും അവർ പറഞ്ഞു. എൻ.ഐ.എച്ച്.ആർ വൈസ് പ്രസിഡണ്ട് അബ്ദുള്ള അൽ ദുരസിയും ക്ഷമ, സഹിഷ്ണുത, സാമൂഹിക അനുരഞ്ജനം, സംസ്കാരം എന്നിവ അനുസരിച്ച് പ്രഖ്യാപനം നടത്തിയതിന് രാജാവിനെ പ്രശംസിച്ചിരുന്നു.
