ഭീകരരുടെ വധശിക്ഷ, ജീവപര്യന്തമാക്കി ഹമദ് രാജാവ്
മനാമ: സൈനിക കോടതി നാല് ഭീകരർക്ക് വിധിച്ച വധശിക്ഷ ഹമദ് രാജാവ് ജീവപര്യന്തമാക്കി കുറച്ചു. മുബാറക് ആദെൽ മുബാറക് മൊഹന്ന, ഫാദിൽ അൽസായിദ് അബ്ബാസ് ഹസൻ റാധി, അൽസായിദ് അലാവി ഹുസൈൻ അലാവി ഹുസൈൻ, മുഹമ്മദ് അബ്ദുൾഹസൻ അഹ്മദ് അൽ മിത്ഖാവി എന്നീ നാല് കുറ്റവാളികളുടെ വധശിക്ഷയിലാണ് രാജാവ് ഇളവ് ചെയ്തത്.
ബഹ്റൈൻ ഭരണഘടനയിലെ ആർട്ടിക്കിൾ 41, നിയമ നിർദ്ദേശം 34/2002 പുറപ്പെടുവിച്ച മിലിട്ടറി ജുഡീഷ്യറി നിയമത്തിന്റെ ആർട്ടിക്കിൾ 84 എന്നിവ പ്രകാരമാണ് ഹമദ് രാജാവ് തീരുമാനം കൈക്കൊണ്ടതെന്ന് മിലിറ്ററി ജുഡീഷ്യറി മേധാവി മേജർ ജനറൽ യൂസഫ് റഷീദ് ഫ്ളൈഫെൽ പറഞ്ഞു. ആർട്ടിക്കിൾ 41ൽ പറയുന്നത് രാജാവിന് ഒരു വിധി നിർത്തലാക്കാനോ അല്ലെങ്കിൽ ഇളവ് ചെയ്യാനോ സാധിക്കും എന്നാണ്.
ബഹ്‌റൈൻ പ്രതിരോധ സേനയുടെ കമാൻഡർ ഇൻ ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹ്മദ് അൽ ഖലീഫയെ വധിക്കാൻ ശ്രമിച്ച നാല് പേർക്ക് മിലിട്ടറി ഹൈക്കോടതി വധ ശിക്ഷ വിധിച്ചിരുന്നു. ഭീകരാക്രമണ കേസുകളിലും ഇവർ ഉൾപ്പെട്ടിരുന്നു.
ഇവരോടൊപ്പമുള്ള മറ്റ് ആറ് പേർക്ക് ജീവപര്യന്തം തടവും, ഇവരുടെ ബഹ്‌റൈൻ പൗരത്വം റദ്ദാക്കാനും കോടതി നിർദ്ദേശിച്ചിരുന്നു. ഇവരിൽ ഒരാൾ സൈനികനാണ്. ഗൂഢാലോചനയിൽ ഉൾപ്പെട്ടിരുന്ന മറ്റ് ഏഴ് പേർക്ക് ഏഴ് വർഷത്തെ തടവ് ശിക്ഷ നൽകാനും വിധിച്ചിരുന്നു.
