ചെറു പ്രായത്തിലേ കാഴ്ച ശക്തി കുറയുന്നു : കുട്ടിക്കണ്ണടക്കാരുടെ എണ്ണം കൂടുന്നു
രാജീവ് വെള്ളിക്കോത്ത്
മനാമ : വളരെ ചെറു പ്രായത്തിലേ കാഴ്ചശക്തി കുറയുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നതായി റിപ്പോർട്ട്. ബഹ്‌റൈനിലെ ബഹുഭൂരിപക്ഷം സ്‌കൂളുകളിലുമുള്ള വിദ്യാർത്ഥികളെ എടുത്ത് പരിശോധിച്ചാൽ ഒരു ക്ലാസിൽ ചുരുങ്ങിയത് 10ഓളം പേരെങ്കിലും കണ്ണട ഉപയോഗിക്കുന്ന കുട്ടികളാണ്. ഇത് മുൻ കാലഘട്ടങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ് എന്ന് മാത്രമല്ല ഓരോ വർഷവും കണ്ണട ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നതായി അദ്ധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. പലപ്പോഴും പിന്നിലിരിക്കുന്ന കുട്ടികൾക്ക് ബോർഡുകൾ വായിക്കാൻ കഴിയാത്തപ്പോഴാണ് കാഴ്ചക്കുറവുള്ള കാര്യം തങ്ങൾ തിരിച്ചറിയുന്നതെന്ന് ഇന്ത്യൻ സ്‌കൂളിലെ ഒരദ്ധ്യാപിക പറഞ്ഞു. ഇപ്പോൾ മുൻനിരയിൽ അങ്ങനെ ഇരുത്തേണ്ടി വരുന്ന കുട്ടികളുടെ എണ്ണവും കൂടിയതായി അവർ പറഞ്ഞു.
കണ്ണട വിപണിയിലും ഇത് പ്രകടമാണ്. വിറ്റ് പോകുന്നതിന്റെ വലിയൊരു ശതമാനം കണ്ണടകളും കുട്ടികളുടേതാണെന്ന് മനാമയിലെ ഒപ്റ്റിക്കൽ ഷോപ്പ് നടത്തുന്ന ഒപ്‌റ്റോ മെട്രിസ്റ്റ് വിജു പറയുന്നു. അതുകൊണ്ട് തന്നെ കന്പനികൾ കുട്ടികൾക്ക് വേണ്ടുന്ന തരത്തിലുള്ള വിവിധ ശ്രേണികളിലും ഫാഷനുകളിലുമുള്ള കണ്ണടകളാണ് വിപണിയിൽ ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചില കുട്ടികൾ ഫാഷന് വേണ്ടി ഉപയോഗിക്കുമെങ്കിലും ഇപ്പോൾ ബഹുഭൂരിപക്ഷം കുട്ടികളും കണ്ണട ഉപയോഗിക്കുന്നത് കാഴ്ചശക്തി പ്രശ്നം കൊണ്ട് തന്നെയാണ്. ഇക്കാര്യത്തിൽ നാട്ടിലേയും സ്ഥിതി വ്യത്യസ്തമല്ലെന്നാണ് നേത്ര രോഗ വിദഗ്ദ്ധർ പറയുന്നത്. ഗൾഫിലെയും നാട്ടിലെയും ഭക്ഷണ ശീലങ്ങളിലും ജീവിതചര്യയിലും ഉണ്ടായ മാറ്റങ്ങളാണ് കുട്ടികളിൽ അടക്കമുള്ളവരിലെ കാഴ്ച ശക്തി കുറയാൻ ഇടയാക്കുന്നതിന്റെ മുഖ്യ കാരണങ്ങളെന്ന് ഡോക്ടർമാർ വിലയിരുത്തുന്നു.
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിൽ നമ്മൾ വേണ്ടത്ര ശ്രദ്ധ കൊടുക്കാറില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെയാണ് ചെറിയ കുട്ടികൾ മുതലങ്ങോട്ട് പലരും കണ്ണട വെക്കേണ്ടതായി വരുന്നത്. കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. ഇത്തരം കാര്യങ്ങളിൽ അൽപ്പം ശ്രദ്ധ നൽകിയാൽ അത് കണ്ണിനേയും കാഴ്ച ശക്തിയേയും വർദ്ധിപ്പിക്കുന്നു. കണ്ണിന്റെ ആരോഗ്യം നഷ്ടപ്പെട്ടാൽ പിന്നെ തിരിച്ച് കിട്ടാൻ എന്തൊക്കെ ചെയ്തിട്ടും ഫലമില്ല. അതുകൊണ്ട് തന്നെയാണ് കണ്ണിന്റെ ആരോഗ്യകാര്യത്തിൽ അൽപ്പം കൂടുതൽ ശ്രദ്ധ നമ്മൾ നൽകേണ്ടത്. അല്ലാത്തപക്ഷം കണ്ണിന്റെ ആരോഗ്യം കൂടുതൽ വഷളാകും.
കണ്ണിന്റെ ആരോഗ്യവും മതിയായ കാഴ്ച ശക്തിയും നിലനിർത്തുന്നതിന് വൈറ്റമിൻ എയും കെയും അടങ്ങിയ ഭക്ഷണം കഴിക്കുകയാണ് അത്യാന്താപേക്ഷിതമായ കാര്യമെന്ന് വിദഗ്ദ്ധർ പറയുന്നു. വൈറ്റമിനുകളും ധാതുക്കളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദിവസവും കഴിക്കാൻ ശ്രമിക്കണം. കുട്ടികൾ ടെലിവിഷൻ പരിപാടികൾ നിർത്താതെ കാണുന്നതും കാഴ്ചയെ ബാധിക്കും.
കന്പ്യൂട്ടറിൽ ജോലി ചെയ്യുന്നവരും പുസ്തകം വായിക്കുന്നവരും ഇടയ്ക്ക് അഞ്ച് മിനിറ്റ് ഇടവേളയെടുക്കുക. കണ്ണിലെ മാംസപേശികൾക്ക് വിശ്രമം ലഭിക്കാൻ ഇത് സഹായകരമാകും. കണ്ണിൽ തണുത്ത വെള്ളമൊഴിച്ച് കഴുകുക, കണ്ണുകൾ അഞ്ച് മിനിറ്റ് അടച്ചുവെക്കുക - ഇതിന് ശേഷം ജോലി, വായന തുടരുക.
ഇടയ്ക്ക് കൃഷ്ണമണികൾ അഞ്ച് മിനിറ്റ് വൃത്താകൃതിയിൽ ചലിപ്പിക്കുകയോ കണ്ണ് നിരവധി തവണ തുറക്കുകയോ അടയ്ക്കുകയോ ചെയ്യുക. രാവിലെ എഴുന്നേൽക്കുന്പോൾ രണ്ട് കൈയും ചേർത്ത് തിരുമി ഇളം ചൂടോടെ കൈപ്പത്തികൾ കണ്ണിന് മുകളിൽ വെക്കുകയും വേണം. ഈർപ്പം കാത്തുസൂക്ഷിക്കാനും അതുവഴി കണ്ണിന്റെ ആരോഗ്യത്തിനും അത് ഗുണം ചെയ്യും.
കണ്ണ് സംരക്ഷിക്കുന്നതിന് വീടുകളിൽ െവച്ച് തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ ഉണ്ട്. വെള്ളരി വൃത്താകൃതിയിൽ അരിഞ്ഞ് കണ്ണിന് മുകളിൽ വെക്കുന്നത് വഴി കണ്ണിന് തണുപ്പ് ലഭിക്കും. ചുറ്റുമുള്ള കറുത്ത നിറം കുറയ്ക്കാനും ചുവന്ന കലകൾ ഒഴിവാക്കി കണ്ണിനെ ആരോഗ്യത്തോടെ കാത്ത്സൂക്ഷിക്കാനും ഇത് വഴി കഴിയുമെന്ന് നേത്ര ഡോക്ടർമാർ നിർദ്ദേശിക്കുന്നു. കണ്ണിന് ഏറെ അത്യന്താപേക്ഷിതമായ ഒന്നാണ് ഈർപ്പം. വെള്ളരി ലഭിക്കാത്ത പക്ഷം മോയിസ്ചറൈസിംഗ് ഡ്രോപ്പ് ഉപയോഗിക്കുക. കണ്ണിൽ എന്തെങ്കിലും കരടോ മറ്റോ പോയാൽ കണ്ണ് തിരുമുന്നത് ഒഴിവാക്കി കണ്ണിലേയ്ക്ക് തണുത്ത വെള്ളം ഒഴിക്കുക. കാരണം കണ്ണ് തിരുമ്മുന്നത് കാഴ്ച ശക്തിയെ വരെ ദോഷകരമായി ബാധിച്ചേക്കാം.
ചൂട് കാലത്ത് പുറത്ത് പോകുന്പോൾ സൺ ഗ്ലാസുകൾ ഉപയോഗിക്കുക. കണ്ണുകളിൽ വെയിലടിക്കുന്നത് ഈർപ്പം കുറയാനും കണ്ണിന് ചുറ്റുമുള്ള കറുപ്പ് നിറം വർദ്‍ധിക്കാനും കാരണമാകും. കാഴ്ച ശക്തിയെ സാരമായി തകരാറിലാക്കാനും കാരണമാകുന്നു. അന്തരീക്ഷ മലിനീകരണം ഏറ്റവും കൂടിയ ഒരു സ്ഥലത്താണ് നമ്മുടെ ജീവിതം. കണ്ണിന്റെ ആരോഗ്യത്തിനും വെള്ളം ധാരാളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇത് കണ്ണിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി തന്നെയാണ് ബാധിക്കുക.



