ഷെയ്ഖ് അബ്ദുള്ള അവന്യൂ നവീകരണ പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയായി
മനാമ : ഷെയ്ഖ് ഹമദ് അവന്യുവിൽ നിന്ന് ബാബ് അൽ ബഹ്‌റൈൻ അവന്യൂവിലേക്കുള്ള ഷെയ്ഖ് അബ്ദുള്ള അവന്യൂവിന്റെ നവീകരണ പ്രവർത്തനങ്ങൾ 75 ശതമാനം പൂർത്തിയായതായി മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയത്തിലെ റോഡ്സ് പ്രൊജക്ട്സ് ആൻഡ് മെയിന്റനൻസ് ഡയറക്ടർ സയ്യിദ് ബാദർ അലവി പറഞ്ഞു. പദ്ധതി മനാമയിൽ സന്ദർശനം നടത്തുന്നവർക്ക് ഏറെ സഹായകമാണെന്നും ഇത് കാരണം പ്രദേശത്തെ ഗതാഗത സൗകര്യങ്ങൾ ഏറെ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം 207 വ്യാപാര സ്ഥാപനങ്ങൾക്കാണ് പദ്ധതി ഗുണകരമാകുന്നത്. പാതയിൽ ടൈൽ വിരിച്ചുകഴിഞ്ഞതായും മലിനജലം ഒഴുകി പോകാനുള്ള ശൃംഖലകൾ നിർമ്മിച്ചതായും അദ്ദേഹം പറഞ്ഞു. നടപ്പാതകളുടെ നിർമ്മാണവും സിഗ്നലുകൾ സ്ഥാപിക്കുന്നതും പുരോഗമിക്കുകയാണ്. പാർക്കിംഗ് ഏരിയകളും സ്പീഡ് ഹംപുകളും നിർമ്മിക്കുന്നതിനോടൊപ്പം പുതിയ ലൈറ്റ് സംവിധാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. പദ്ധതിപ്രകാരം പുതുക്കിയ റോഡിന്റെ ദൈർഘ്യം 1.650 കിലോമീറ്ററാണ്. 179,330 ബഹ്‌റൈൻ ദിനാറാണ് പദ്ധതിയുടെ ചിലവ്.

