റിഫ പുനരധിവാസ പദ്ധതിയെ പ്രശംസിച്ച് ഷെയ്ഖ് നാസർ
മനാമ : ബഹ്റൈൻ ഒളിന്പിക് കമ്മിറ്റി പ്രസിഡണ്ടും റോയൽ ചാരിറ്റി ഓർഗനൈസേഷൻ (ആർ.സി.ഒ) പ്രസിഡണ്ടും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്പോർട്സ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ഇന്നലെ റിഫ വ്യൂസ് സ്കൂൾ സന്ദർശിച്ചു. വിദ്യാർത്ഥികളുടെ സന്നദ്ധപ്രവർത്തന ഫലമായി നിർമ്മിക്കുന്ന റിഫ പുനരധിവാസ പദ്ധതിയിലേക്കുള്ള ക്ഷണത്തിന്റെ ഭാഗമായായിരുന്നു സന്ദർശനം.
വിദ്യാഭ്യാസവും മാനുഷിക പ്രവർത്തനവും ഒന്നിച്ചു കൊണ്ടുപോകുന്നതിലൂടെ സാമൂഹീക ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളുമായി സംസാരിച്ച ഷെയ്ഖ് നാസർ ബിൻ ഹമദ്, പഴയ വീടുകളുടെ നവീകരിക്കുന്നതിനെക്കുറിച്ചും, പദ്ധതിയുടെ ഹൗസ് സെലക്ഷൻ സന്പ്രദായത്തെക്കുറിച്ചും ചർച്ച ചെയ്തു.
വിദ്യാഭ്യാസത്തോടൊപ്പം സാമൂഹ്യ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിനും മാനുഷിക പ്രവർത്തനങ്ങൾക്ക് അടിത്തറയിടുന്നതിനും വ്യത്യസ്തമായ ആശയങ്ങൾ നടപ്പിലാക്കുന്നതിനും ശ്രമിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ ഓർമിപ്പിച്ചു. വിദ്യാർത്ഥികൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്നാണ് സന്നദ്ധസേവനമെന്ന് ഷെയ്ഖ് നാസർ അഭിപ്രായപ്പെട്ടു.
റിഫ പുനരധിവാസ പദ്ധതി പരന്പരാഗത ചാരിറ്റി പ്രവർത്തനങ്ങളിൽനിന്ന് വ്യത്യസ്തമാണെന്നും വിദ്യാർത്ഥികൾ ധനസമാഹരണം നടത്തുന്നു എന്നതിലുപരി പഴയ വീടുകൾ സന്ദർശിക്കുന്നതിനും താമസക്കാരുടെ സാമൂഹ്യ−സാന്പത്തിക സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും പദ്ധതിയിലൂടെ കഴിയുന്നു. ജനങ്ങളുടെ ഇത്തരം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കുട്ടികൾ നടത്തുന്ന പരിശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.

