ഫുട്ബോൾ കൊച്ചിന്റെ മൃതദേഹം; നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികളായില്ല

മനാമ: ഫെബ്രുവരി 28ാം തീയതി ഹിദ്ദിലെ പാലത്തിനടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ബഹ്‌റൈനിലെ ഫുട്ബോൾ കോച്ചായിരുന്ന തിലകന്റെ മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ഇതുവരെയും ആയില്ല. മരണം സംബന്ധിച്ച എന്തെങ്കിലും സംശയം ബന്ധുക്കളുടെ ഭാഗത്ത് നിന്നും ഉണ്ടെങ്കിൽ സംശയം ദൂരീകരിക്കണമെന്ന് ഇന്ത്യൻ എംബസിയോടും അദ്ദേഹത്തിന്റെ തൊഴിലുടമ ആവശ്യപ്പെട്ടതിനെ തുടർന്ന് ആഭ്യന്തര മന്ത്രാലയം നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടിക്രമങ്ങൾ വൈകുന്നത്. മൃതദേഹം വിട്ടുകൊടുക്കാൻ കോടതിയുടെ കൂടി അനുവാദം ഉണ്ടെങ്കിൽ മാത്രമേ നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ കഴിയുകയുള്ളൂ. തിലകൻ ജോലി ചെയ്‌തിരുന്ന സ്ഥാപനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇന്ത്യൻ എംബസിക്ക് കൈമാറിയതായി തൊഴിലുടമ അറിയിച്ചു. മരിച്ച തിലകന്റെ ബന്ധുക്കളെ നാട്ടിൽ നിന്നും കൊണ്ടുവരുന്നതിന് ശ്രമം നടത്തിയിരുന്നെന്നും എന്നാൽ മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചതിന് ശേഷം തീരുമാനമെടുക്കാൻ കാത്ത് നിൽക്കുകയാണെന്നും തൊഴിലുടമ പറഞ്ഞു.