ലൈറ്റ് മെട്രോ : പദ്ധതി പരിശോധിച്ച ശേഷം മാത്രമെന്ന് തോമസ് ഐസക്

തിരുവനന്തപുരം : ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പുനൽകിയതിന് പിന്നാലെ പദ്ധതിക്കെതിരെ ധനമന്ത്രി തോമസ് ഐസക് രംഗത്ത്. പദ്ധതി പരിശോധിച്ചശേഷം മാത്രമെ നടപ്പാക്കുവെന്ന് ധനമന്ത്രി വ്യക്തമാക്കി. ലൈറ്റ് മെട്രോ സാങ്കേതികമായി ആർക്കും ചെയ്യാൻ കഴിയുമെന്നത് തർക്കവിഷയമല്ല. എന്നാൽ ആവശ്യമായ പരിശോധനകൾ നടത്തിയതിന് ശേഷം മാത്രമേ പദ്ധതി നടപ്പിലാക്കൂ. കൊച്ചി മെട്രോ ഇപ്പോൾ തന്നെ നഷ്ടത്തിലാണ്. ഇത്തരത്തിൽ കേരളത്തിൽ നഷ്ടത്തിലായ ഒട്ടേറെ പദ്ധതികളുണ്ട്. വിഴിഞ്ഞം പദ്ധതി അതിന് ഒരു ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.
നഷ്ടത്തിലായ പദ്ധതികൾ സർക്കാർ ഏറ്റെടുത്ത് നികത്തുന്ന രീതി ഇനി അനുവദിക്കാൻ കഴിയുന്നതല്ലെന്നും തോമസ് ഐസക് പറഞ്ഞു. മെട്രോമാൻ ഇ. ശ്രീധരനോട് അനാദരവ് കാണിച്ചിട്ടില്ലെന്നും ലൈറ്റ് മെട്രോ പദ്ധതി സുതാര്യമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. കേന്ദ്ര അനുമതി ലഭിക്കാതെ പദ്ധതിയുമായി നടത്താൻ സർക്കാരിന് കഴിയില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു.
1128 കോടി രൂപ ധനസഹായം കേന്ദ്രസർക്കാർ നൽകാനുണ്ട്. എന്നാൽ നിലവിലെ സാന്പത്തിക സ്ഥിതിയിൽ കേന്ദ്ര അനുമതിക്കായി കാത്തുനിൽക്കേണ്ടതില്ലെന്ന ശ്രീധരന്റെ വാദത്തോട് യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം, കേരളത്തിൽ ഏറ്റെടുത്ത പദ്ധതികളിൽ നിന്നെല്ലാം ഡി.എം.ആർ.സി ഒഴിയുകയാണെന്ന് ശ്രീധരൻ അറിയിച്ചു.