ഇൻഡക്സ് ബഹ്റൈൻ ക്യാന്പയിൻ സംഘടിപ്പിക്കുന്നു

മനാമ : ഉപയോഗിച്ച ടെക്സ്റ്റ് ബുക്കുകൾ ശേഖരിച്ച് അവ ആവശ്യമുള്ള കുട്ടികൾക്ക് വിതരണം ചെയ്യുന്ന സംവിധാനം ഈ വർഷവും ബഹ്റൈനിലെ സാമൂഹ്യ രംഗത്ത് സജീവസംഘടനയായ ‘ഇൻഡക്സ്’ സംഘടിപ്പിക്കുന്നു. മാർച്ച് 10 മുതൽ 20 വരെയുള്ള ദിവസങ്ങളിൽ ബഹ്‌റൈനിലെ വിവിധ സംഘടന ആസ്ഥാനങ്ങളിലും പൊതു സ്ഥലങ്ങളിലും വെയ്ക്കുന്ന കളക്ഷൻ ബോക്സിലൂടെയായിരിക്കും ബുക്കുകൾ ശേഖരിക്കുക. കുട്ടികളിൽ പരസ്പര സഹകരണത്തിന്റെയും, ഉപയോഗിച്ച പുസ്തകങ്ങൾ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനാവശ്യത്തിനായി നൽകപ്പെടുന്പോൾ ഉണ്ടാവുന്ന സാമൂഹ്യ ബോധത്തിന്റെയും പ്രാധാന്യം ഉണ്ടാക്കിയെടുക്കുക, കുട്ടികളെയും രക്ഷിതാക്കളെയും പ്രകൃതിയെ സ്നേഹിക്കുവാൻ പ്രോത്സാഹിപ്പിക്കുക, ഒരു സെറ്റ് പുസ്തകങ്ങൾ ഉണ്ടാക്കുവാനായി ഒരു മരമെങ്കിലും ഉപയോഗിക്കേണ്ടതായി വരും. ആഗോള താപനം മൂലവും മറ്റ് പ്രകൃതി ചൂഷണം മൂലവും നിലനിൽപ്പ് തന്നെ അപകടത്തിലായ പ്രകൃതിക്ക് കൈത്താങ്ങ് കൊടുക്കുവാൻ കുട്ടികളെ പ്രാപ്തരാക്കുക, തുടങ്ങിയവയാണ് ക്യാന്പയിൻ ലക്ഷ്യം വെയ്ക്കുന്നത്.
ബഹ്‌റൈൻ കേരളീയസമാജവുമായി സഹകരിച്ച് ബഹ്റൈനിലെ പരമാവധി സംഘടനകളെ പങ്കാളികളാക്കിക്കൊണ്ടായിരുന്നു കഴിഞ്ഞ വർഷം പുസ്തക ശേഖരണം നടത്തിയത്. കുട്ടികളുടെ വാർഷിക പരീക്ഷകൾ അവസാനിക്കുന്നതിന്റെ അടുത്ത ദിവസങ്ങളിൽ തന്നെ പുസ്തക ശേഖരണം തുടങ്ങുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.