കുവൈത്തിൽ നിന്ന് വിദേശ തൊഴിലാളികളെ തിരിച്ചയക്കാനുള്ള നിർദ്ദേശത്തിന് അംഗീകാരം

കുവൈത്ത് സിറ്റി : വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്ന കരാർ പദ്ധതികൾ പൂർത്തിയായാൽ അവരെ തിരിച്ചയയ്ക്കണമെന്ന നിർദ്ദേശം പാർലമെന്റിന്റെ ആഭ്യന്തര−പ്രതിരോധ സമിതി അംഗീകരിച്ചു. സഫാ അൽ ഹാഷിമി എം.പി ആയിരുന്നു പാർലിമെന്റിൽ ഈ നിർദ്ദേശം ഉന്നയിച്ചത്. ജനസംഖ്യാ സന്തുലനം സ്ഥാപിക്കുന്ന പ്രക്രിയയ്ക്ക് ഈ നിർദ്ദേശം ഗുണം ചെയ്യുമെന്ന് പഠനത്തിൽ വ്യക്തമായ സാഹചര്യത്തിലാണ് അംഗീകാരമെന്ന് സമിതി വ്യക്തമാക്കി.
പ്രോജക്ട് നടപ്പാക്കുന്ന കന്പനികൾക്ക് യഥാർത്ഥത്തിൽ ആവശ്യമായി വരുന്ന തൊഴിലാളികളുടെ എണ്ണം കണ്ടെത്തുന്നതിന് ഇ− ഗവൺമെന്റ് സംവിധാനം ഏർപ്പെടുത്തണമെന്നതാണ് സമിതി അംഗീകരിച്ച മറ്റൊരു നിർദ്ദേശം.
രാജ്യത്തിന്റെ വടക്കും തെക്കും ഭാഗങ്ങളിൽ സൈനിക നഗരങ്ങൾ സ്ഥാപിക്കണമെന്ന മുഹമ്മദ് അൽ ഹുവൈലയുടെ നിർദ്ദേശവും സമിതി അംഗീകരിച്ചു. വെള്ളം, വെളിച്ചം, വാർത്താവിനിമയ സംവിധാനം, സ്കൂളുകൾ, കിന്റർ ഗാർട്ടനുകൾ, വാണിജ്യ കേന്ദ്രങ്ങൾ, േസ്റ്റഡിയം, ക്ലബുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ തുടങ്ങി എല്ലാ സംവിധാനങ്ങളും ഉൾപ്പെട്ടതായിരിക്കണം നഗരങ്ങളെന്നും നിർദ്ദേശത്തിലുണ്ട്. അതേസമയം ഗതാഗത സംവിധാനം നിരീക്ഷിക്കുന്നതിനും ട്രാഫിക് നിർദ്ദേശങ്ങൾ നൽകുന്നതിനും ഹെലികോപ്‌ടർ ഏർപ്പെടുത്തണമെന്ന ഹുവൈലയുടെ നിർദ്ദേശം സമിതി തള്ളി.
അതേസമയം തൊഴിൽ മേഖലയിലെ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് മാൻപവർ അതോറിറ്റി നിയോഗിച്ച എമർജൻസി ടീമിന് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ 1000 പരാതികൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. ചില കന്പനികൾ തൊഴിലാളിയെ നിയമിക്കുന്നതിന് കെട്ടിവച്ച ബാങ്ക് ഗാരന്റി പിടിച്ചെടുത്ത് തൊഴിലാളികളുടെ ശന്പള കുടിശിക കൊടുത്തു തീർക്കാനും അധികൃതർ നടപടി തുടങ്ങി.
തൊഴിൽ പ്രശ്നമുള്ള തൊഴിലാളികൾ തൊഴിൽ ബന്ധ വകുപ്പിലോ (എൽ.ആർ.ഡി), ഗർവണറേറ്റുകളിലെ അംഗീകൃത യൂണിറ്റിലോ എമർജൻസി സംഘത്തിനോ പരാതി നൽകണം. വിദേശ തൊഴിലാളികളെ കുവൈത്തിലെ തൊഴിൽ നിയമങ്ങൾ ബോധ്യപ്പെടുത്തുന്നതിന് രാജ്യത്തെ വിദേശ എംബസികളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മാൻപവർ അതോറിറ്റി അധികൃതർ അറിയിച്ചു.