അഫ്സലി­നെ­ തള്ളി­യി­ട്ട കെ­ട്ടി­ടം ക്രി­മി­നലു­കളു­ടെ­ താ­വളം


മനാമ: മോഷ്ടാക്കളുടെ ക്രൂരമായ ആക്രമണത്തിന് ഇരയായി പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്ന കൊല്ലം സ്വദേശി അഫ്സൽ ആക്രമണത്തിനിരയായ പ്രദേശവും കെട്ടിടവും ഒരുകൂട്ടം ക്രിമിനലുകളുടെ താവളമാണെന്ന് പരിസരവാസികൾ പരാതിപ്പെടുന്നു. പകൽ സമയത്ത് പോലും ഇതുവഴി ഒറ്റയ്ക്ക് ആളുകൾ നടന്നു പോയാൽ കൈയ്യിൽ ഉള്ളതെല്ലാം പിടിച്ചു പറിക്കുന്നത് ഇവരുടെ സ്ഥിരം ഏർപ്പാടാണത്രേ. ബംഗ്ലാദേശി സ്വദേശികളാണ് ക്രിമിനലുകളിൽ ഭൂരിഭാഗവും. കാര്യമായ ജോലിയൊന്നുമില്ലാത്ത ഇവർ പിടിച്ചുപറിയും മോഷണവും സ്ഥിരം തൊഴിലാക്കിയവരാണ്. ഇതുവഴി നടന്നുപോകുന്നവരെ സംഘം ചേർന്ന് ആക്രമിച്ച്, മലയാളികൾ‍ അയക്കൂറ പാർക്ക് എന്ന് വിളിക്കുന്ന സ്ഥലത്തിനടുത്തുള്ള കെട്ടിടത്തിലേയ്ക്ക് കൊണ്ടുപോയിട്ടാണ് മർദ്ദിച്ച് പേഴ്‌സും മൊബൈൽ ഫോണുകളും കവർച്ച ചെയ്യുന്നത്. മോഷണം കൂടാതെ പെൺവാണിഭവും വേശ്യാവൃത്തിയും ഈ കേട്ടിടത്തിൽ നടക്കുന്നുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. 

മനാമയിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ എത്തുന്ന യുവാക്കളെ സ്ത്രീകളെ ഉപയോഗിച്ച് വശീകരിച്ചും ഈ കെട്ടിടത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു വരുകയാണ് ചെയ്യുന്നത്. കെട്ടിടത്തിന്റെ ഇടുങ്ങിയ ഭാഗത്ത് എത്തിക്കഴിയുന്പോൾ സംഘാംഗങ്ങൾ ഒത്തുചെന്ന് മർദ്ദിച്ചവശനാക്കുകയും പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കൈക്കലാക്കുകയും ചെയ്യും. ഇരുട്ടിക്കഴിഞ്ഞാൽ ഈ ഭാഗത്ത് കുടുംബവുമായി നടക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോഴെന്നും മനാമയിലെ താമസക്കാർ പറയുന്നു. ക്രൂര സ്വഭാവമുള്ള ഈ സംഘം മദ്യവിൽപ്പന, മയക്ക് മരുന്ന് തുടങ്ങി അനധികൃതമായ നിരവധി ബിസിനസുകൾ നടത്തുന്നുണ്ട്. ഇത്തരം കച്ചവടങ്ങൾ‍ നടക്കുന്നതിനിടയിലെ അഭിപ്രായ വ്യത്യാസങ്ങൾ പലപ്പോഴും വഴക്കിലേയ്ക്കും പരസ്പര സംഘട്ടനത്തിലും കലാശിക്കുന്ന അവസ്ഥയും ഇടയ്ക്കിടെ ഉണ്ടാകാറുണ്ട്. 

അഫ്സലിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം കെട്ടിടത്തിലെ നിരവധി താമസക്കാരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെങ്കിലും അഫ്സലിനെ ആക്രമിച്ച സംഘാംഗങ്ങൾ ഇപ്പോഴും പിടിക്കപ്പെട്ടവരിൽ ഉണ്ടോ എന്ന് വ്യക്തമാക്കിയിട്ടില്ല. കൂടാതെ ആക്രമ സ്വഭാവമുള്ള നിരവധി പേർ ഈ ഭാഗത്തുള്ള ഗല്ലികൾ എന്നറിയപ്പെടുന്ന താമസ സ്ഥലങ്ങളിൽ വിലസുന്നുണ്ട്. കെട്ടിട ഉടമയിൽ നിന്ന് ഫ്‌ളാറ്റുകൾ വാങ്ങി മറിച്ച് കൊടുക്കുന്നവരും, വാടക പിരിക്കുന്നതും ‘തൊഴിൽ ഉടമയും’ എല്ലാം ഇവരാണ്. കെട്ടിട ഉടമകൾ ഇവരുടെ സകല തെമ്മാടിത്തരങ്ങൾക്കും മൗനസമ്മതം നൽകുന്നുവെന്ന് വേണം പറയാൻ. ഭൂരിപക്ഷം പേർക്കും റെസിഡന്റ് വിസയോ സി.പി.ആറോ ഇല്ല. വർഷങ്ങളായി സ്വദേശത്തേയ്ക്ക് പോകാതെ ഓരോ വർഷവും ഫ്രീ വിസ എടുത്ത് ബന്ധുക്കളെയും മറ്റും ഇവിടേയ്ക്ക് കൊണ്ടുവരികയാണ് പതിവ്. പിന്നീട് വിസ പുതുക്കുന്ന സ്വഭാവമൊന്നും ഇവർക്കിടയിലില്ല.

ഇത് കൂടാതെ ഈ ഭാഗത്ത് വ്യാജ മരുന്ന് വിൽപ്പനയും നിർ‍ബാധം തുടരുന്നുണ്ട്. കുടവയർ കുറയുന്നതിന് മുതൽ കഷണ്ടിക്ക് വരെയുള്ള മരുന്നുകളാണ് വ്യാജന്മാർ ഇവിടെ നൽകിവരുന്നത്. മരുന്നുകടക്കാരുടെ ഏജന്റുമാർ നടപ്പാതയിൽ നിന്ന് ആളുകളെ ഏത് വിധേനയെങ്കിലും മരുന്ന് വിൽപ്പന കേന്ദ്രത്തിലെത്തിക്കുകയാണ് ചെയ്യുന്നത്. ഇതും ഒരു പറ്റം ക്രിമിനലുകളുടെ താവളമാണ്. മരുന്ന് വിൽപ്പന കേന്ദ്രത്തിൽ എത്തുന്ന ആളുകളുടെ കൈയ്യിലെ പണം ഏത് വിധേനയും അടിച്ചുമാറ്റുന്ന ഗുണ്ടകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന സംഘങ്ങൾ മനാമയിലെയും പരിസരങ്ങളിലെയും രാത്രികാല വിപണിയെപോലും ബാധിക്കുന്ന തരത്തിൽ അഴിഞ്ഞാടിക്കൊണ്ടിരിക്കുന്നു. ഈ അനധികൃത താമസക്കാരെ എത്രയും പെട്ടെന്ന് ഒഴിപ്പിക്കുകയോ ക്രിമിനൽ സംഘങ്ങളെ പോലീസ്‌ വലയിലാക്കണമെന്നോ ആണ് പ്രദേശവാസികളുടെ ആവശ്യം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed