കെഎംസിസി ബഹ്റൈൻ 'സജ്ജം 26' ക്യാമ്പ് സമാപിച്ചു
പ്രദീപ് പുറവങ്കര
മനാമ: ആശയങ്ങളുടെ പുതുവസന്തം വിരിയിച്ചും സംഘടനാ നേതൃത്വത്തിന് നിർണായക പാഠങ്ങൾ പകർന്നും കെഎംസിസി ബഹ്റൈൻ സംഘടിപ്പിച്ച നേതൃത്വ പഠന ക്യാമ്പ് 'സജ്ജം 26' സമാപിച്ചു. പ്രമുഖ പണ്ഡിതനും സമസ്ത ബഹ്റൈൻ പ്രസിഡന്റുമായ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ പ്രതിനിധി സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും സംസ്ഥാന ട്രഷറർ കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു. വേൾഡ് കെഎംസിസി സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ ആശംസകൾ നേർന്നു.
പ്രഗത്ഭ പരിശീലകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. റാഷിദ് ഗസ്സാലി പ്രധാന പഠന സെഷനുകൾക്ക് നേതൃത്വം നൽകി. സംഘടനാ പ്രവർത്തനങ്ങളെ കൂടുതൽ ക്രിയാത്മകവും കാര്യക്ഷമവുമാക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ ക്ലാസുകൾ പ്രതിനിധികളിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ക്യാമ്പ് ഡയറക്ടർ ഫൈസൽ കോട്ടപ്പള്ളി പ്രവർത്തന നിർദേശങ്ങൾ കൈമാറി. കോർഡിനേറ്റർമാരായ റഫീഖ് തോട്ടക്കര, സഹീർ കാട്ടാമ്പള്ളി, അഷ്റഫ് കാട്ടിൽപീടിക, ഫൈസൽ കണ്ടിതാഴ എന്നിവർ വിവിധ വിഭജന സെഷനുകൾക്ക് നേതൃത്വം നൽകി.
മുൻ സംസ്ഥാന പ്രസിഡന്റ് കുട്ടൂസ മുണ്ടേരി, ഷാഫി പറക്കട്ട, എ.പി. ഫൈസൽ, സലീം തളങ്കര, എൻ.കെ. അബ്ദുൽ അസീസ്, അഷ്റഫ് കക്കണ്ടി, എസ്.കെ. നാസ്സർ തുടങ്ങിയ മുതിർന്ന നേതാക്കൾ ക്യാമ്പിന്റെ സംഘാടനത്തിലും മേൽനോട്ടത്തിലും സജീവ സാന്നിധ്യമായിരുന്നു. പഠന സെഷനുകൾക്ക് പുറമെ ഹലിം വടകര അവതരിപ്പിച്ച ഗസൽ സന്ധ്യ പ്രതിനിധികൾക്ക് നവ്യാനുഭവമായി.
dfsdf

