ബി­.സി­.സി­.ഐ തി­രഞ്ഞെ­ടു­പ്പിൽ മലയാ­ളി­ വോ­ട്ടു­കളും നി­ർ­ണ്ണാ­യകം


മനാമ: മാർച്ച് 1ന് നടക്കാനിരിക്കുന്ന ബഹ്‌റൈൻ ചേന്പർ ഓഫ് കൊമേഴ്‌സിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ത്യക്കാരുടെ വോട്ടുകളും പ്രത്യേകിച്ച് മലയാളികളായ വോട്ടർമാരുടെ വോട്ടുകളും വിജയത്തിന് നിർണ്ണായകമാകും. സ്വന്തമായി ഡബ്ല്യു.എൽ.എൽ കന്പനി അല്ലെങ്കിൽ എസ്.പി.സി കന്പനികൾ നടത്തുന്നവർക്കോ അവരുടെ പ്രതിനിധികൾക്കോ ആണ് വോട്ടവകാശം ഉള്ളത്. അതുകൊണ്ടുതന്നെ 3000ലധികം മലയാളികളും 6000ത്തോളം ഇന്ത്യക്കാരുമായ വോട്ടർമാർ ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. 

പാനലുകളായും സ്വാതന്ത്രരായും അറുപതോളം പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ഓരോ പാനൽ ഭാരവാഹികളും വ്യാപാരികളെയും തൊഴിലുടമകളെയും യോഗം വിളിക്കുകയും തിരഞ്ഞെടുപ്പ് ക്യാന്പയിനുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യക്കാരുടെ രജിസ്‌ട്രേഡ് സംഘടനയായ ബഹ്‌റൈൻ ഇന്ത്യ ബിസിനസ് ഫോറത്തിൽ അംഗങ്ങളായ നിരവധി മലയാളികൾ വോട്ടവകാശം ഉള്ളവരാണ്. പ്രമുഖ വ്യവസായി മുഹമ്മദ് ദാദാഭായുടെ മകൾ അടക്കമുള്ളവർ തിജാർ എന്ന പാനലിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ ഇതിലെ അംഗങ്ങൾ ഈ പാനലിന് പിന്തുണ നൽകാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഒരു ഗ്രൂപ്പിനും പിന്തുണ നൽകുകയോ അംഗങ്ങൾ ആർക്ക് വോട്ട് ചെയ്യണമെന്നോ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും എല്ലാവരുടെ യോഗങ്ങളിലും സംബന്ധിക്കുന്നുണ്ടെന്നും മലയാളികൾക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിക്കാൻ തയ്യാറുള്ളവർക്കാണ് തങ്ങളുടെ വോട്ടെന്നുമാണ് ഇതിലെ ഒരംഗം 4 പി.എം ന്യൂസിനോട് പറഞ്ഞത്. മലയാളികളുടെ ബിസിനസ് കൂട്ടായ്മയായ ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം പരസ്യമോ രഹസ്യമോ ആയ നിലപാടുകൾ ഒരു പാനലിനോടും എടുത്തിട്ടില്ല. തങ്ങളുടെ പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ട് വരാനും ഗുണപരമായ രീതിയിൽ പ്രവർത്തിക്കുവാനും തയ്യാറുള്ളവർക്ക് വോട്ട് ചെയ്യാനാണ് ഈ കൂടായ്മയുടെയും തീരുമാനം. മൂന്ന് പാനലുകളും 10ലധികം സ്വാതന്ത്രന്മാരും മത്സരിക്കുന്ന തിരഞ്ഞെടുപ്പിൽ ബഹ്‌റൈൻ ഇന്ത്യ ഫോറത്തിന്റെയും അതുപോലെ മലയാളി ബിസിനസുകാരുടെയും വോട്ടുകൾ തീർത്തും നിർണ്ണായകമാണ്. തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം കഴിഞ്ഞ തവണത്തെക്കാൾ പത്ത് മടങ്ങ് വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് ഉദ്യോഗസ്ഥൻ പറഞ്ഞു. 

വോട്ടർമാരുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്ന വർദ്ധനവിനെ നേരിടാൻ തിരഞ്ഞെടുപ്പ് പ്രക്രിയ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിനുള്ള എല്ലാ സന്നാഹങ്ങളും ഒരുക്കിവരികയാണെന്നും തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജാസ്സിം ഹസ്സൻ അബ്ദുൾ അൽ പറഞ്ഞു. 

പരാതികൾ പരിഹരിക്കുന്നതിന് ഒരു അപ്പീൽ കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. നിയമനിർമ്മാണ ഡയറക്ടറേറ്റിന്റെ അസിസ്റ്റന്റ് കൗൺസിലറും ആക്ടിംഗ് ഡയറക്ടറുമായ സുൽത്താൻ നാസർ അൽ സുവൈദി ആയിരിക്കും അപ്പീൽ കമ്മിറ്റി തലവൻ. അപ്പീൽ കമ്മിറ്റിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. നിയുക്ത കോടതിയിൽ ഒഴികെയുള്ള അപ്പീലുകൾക്ക് വിധേയമല്ലെന്നും ചെയർമാൻ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed