നാടകരാവുകൾക്ക് തിരശ്ശീല വീണു
മനാമ: ബഹ്‌റൈനിലെ നാടകപ്രേമികൾക്ക് മികച്ച ദൃശ്യാനുഭവം സമ്മാനിച്ച നാടകരാവുകൾക്ക് കഴിഞ്ഞ ദിവസം തിരശ്ശീല വീണു. ബഹ്‌റൈൻ കേരളീയ സമാജം സ്‌കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരത്തിനാണ് കഴിഞ്ഞ ദിവസം പരിസമാപ്തിയായത്. നാല് നാടകങ്ങളായിരുന്നു ഇത്തവണ നാടകമത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നിരവധി നാടകപ്രവർത്തകരുള്ള ബഹ്‌റൈനിൽ സാധാരണ നാടകമത്സരങ്ങളിൽ കാണുന്നത്രയും നാടകങ്ങൾ ഇത്തവണ മത്സരത്തിനായി എത്തിയില്ല എന്നതൊഴിച്ചാൽ നാടകങ്ങൾ മികച്ച നിലവാരം പുലർത്തിയതായി പ്രേക്ഷകർ വിലയിരുത്തുന്നു.
ബഹ്‌റൈനിലെ തിരക്കുപിടിച്ച ജീവിതത്തിനിടയിലും നാടകങ്ങൾ അവതരിപ്പിക്കാൻ നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി എഴുത്തുകാരൻ അനിൽ വേങ്കോട് പറഞ്ഞു. സ്ക്രിപ്പ്റ്റുകൾ കൊണ്ട് മികച്ചതെന്ന് പറയാവുന്ന നാടകങ്ങളൊന്നും ഇത്തവണ ഉണ്ടായില്ലെന്നാണ് അനിൽ വിലയിരുത്തുന്നത്. ഇങ്ങനെ പറയുന്പോൾ ശാന്തകുമാറിനെപ്പോലെയും ഗിരീഷ് കർണാടിനെ പോലുള്ള പ്രമുഖരുടെ സ്ക്രിപ്റ്റുകൾ അല്ലെ എന്ന് സംശയം ഉയരുമെങ്കിലും ഇവർ രണ്ട് പേരും നാടകം ചെയ്യുന്ന ആളുകളാണ്. അതുകൊണ്ട് തന്നെ അവർ വേദിയിൽ വായിച്ചെടുക്കുന്നതിനപ്പുറമുള്ള ഒരുപാട് തലങ്ങൾ കൊണ്ടുവരികയാണ് ചെയ്യുന്നത്, ഇവിടെ അവതരിപ്പിക്കപ്പെട്ട ഗിരീഷ് കർണാടിന്റെ രചനയാവട്ടെ വളരെ പഴയതുമാണ്, കാലവുമായി ഒരു തരത്തിലുള്ള പ്രതിപ്രവർത്തനവും നിൽക്കുന്നില്ലെന്നാണ് നാടകം കണ്ടപ്പോൾ തോന്നിയത്. കുറച്ചുകൂടി ബലമുള്ള പ്രമേയങ്ങളോ, പുതുമയോ കൊണ്ടുവരുന്നതിന് ഈ നാടകങ്ങൾക്കായില്ല എന്ന് തന്നെ പറയാം.
ജോലിയുള്ള ദിവസങ്ങളായാലും നാടകങ്ങൾ കാണാൻ എത്തിച്ചേർന്ന, നാടകത്തെ വളരെ ഗൗരവമായി കാണുന്ന ആസ്വാദകർക്ക് മുന്നിൽ കുറച്ചുകൂടി നവത്വമുള്ള, കാന്പുള്ള നാടകങ്ങൾ എത്തിക്കാമായിരുന്നു എന്നുള്ള അഭിപ്രായമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. നാടകത്തിന്റെ മേഖലയിൽ മികച്ച സ്ക്രിപ്റ്റുകളുടെ അഭാവം ഉണ്ടാകുന്നുണ്ട് എന്നതാണ് നാടകങ്ങൾ കണ്ടപ്പോൾ തോന്നിയത്. പ്രത്യേകിച്ച് എഴുത്തിൽ ബലം കെട്ട് പോകുന്നതുപോലെ തോന്നി. രണ്ട് തരത്തിലുള്ള പ്രശ്നങ്ങളാണ് നമ്മൾ നേരിടുന്നത്. ഒന്ന് പലപ്പോഴും തീരെ സംവദിക്കാത്ത തരത്തിലുള്ള പ്രമേയങ്ങളോട് കൂടിയ നാടകങ്ങൾ വരിക. വലിയ ദൃശ്യാവിഷ്കാരങ്ങൾ ഉണ്ടാകുന്പോഴും പ്രമേയത്തിന്റെ ഏതെങ്കിലും ഒരു തരിന്പിൽ പോലും പ്രേക്ഷകന് തൊടാൻ കഴിയാത്ത തരത്തിലുള്ള അന്യത നിലനിൽക്കുന്നു എന്ന വിമർശനമാണ് തനിക്ക് ഇക്കാര്യത്തിലുള്ളതെന്നും അനിൽ പറഞ്ഞു.
ആവർത്തിച്ച് കണ്ട വിഷയങ്ങളാണ് ചില നാടകങ്ങളിൽ ഉണ്ടായത്. നാല് നാടകങ്ങളും മികച്ച ദൃശ്യാനുഭവങ്ങൾ നൽകി എന്നത് വളരെ നല്ല കാര്യമാണെങ്കിലും അതിന്റെ സ്ക്രിപ്റ്റിങ് എത്തിപ്പെടേണ്ട ലക്ഷ്യത്തിൽ എത്തിയില്ല എന്ന പരാതി ബാക്കി നിൽക്കുന്നുവെന്നും അനിൽ പറഞ്ഞു.
മൂന്ന് വിദഗ്ദ്ധർ നാടകം വിലയിരുത്താൻ എത്തിയിരുന്നു എന്നുള്ളത് നാടകത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊണ്ടുകൊണ്ടുള്ള വിധി നിർണ്ണമായിരിക്കും എന്നുള്ളത് സന്തോഷമുള്ള കാര്യമാണ് എന്നും നാടകം അവതരിപ്പിക്കാൻ കഷ്ടപ്പെട്ട എല്ലാ കലാകാരന്മാരും പിന്നണിയിൽ പ്രവർത്തിച്ചവരും എല്ലാം തീർച്ചയായും അഭിനന്ദനം അർഹിക്കുന്നുവെന്നും അനിൽ പറഞ്ഞു.
ഇന്ന് വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിൽ നാടകമത്സരത്തിന്റെ വിധി പ്രഖ്യാപനം നടക്കും. അതോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഉണ്ടാകും.
