പൗരന്മാർക്ക് 100 ബഹ്‌റൈൻ ദിനാർ പ്രതിമാസ അലവൻസ് നൽകണമെന്ന് എംപി
മനാമ : ജീവിതച്ചിലവുകൾ വർദ്ധിച്ചുവരുന്നതിനാൽ ഓരോ പൗരനും 100 ബഹ്‌റൈൻ ദിനാർ വീതം പ്രതിമാസ അലവൻസ് അനുവദിക്കണമെന്ന് എം.പി ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. അടുത്തിടെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പ്രസിദ്ധീകരിച്ച ഒരു പ്രസ്താവനയിലാണ് എം.പി മൊഹമ്മദ് അൽ മാരീഫി ഇക്കാര്യം ആവശ്യപ്പെട്ടത്.
ബഹ്‌റൈൻ പൗരന്മാർക്ക് ജനനം മുതൽ തൊഴിൽ ലഭിക്കുന്നതുവരെയും, സ്ത്രീകൾക്ക് വിവാഹം വരെയും 100 ബഹ്‌റൈൻ ദിനാർ വീതം പ്രതിമാസ അലവൻസ് അനുവദിക്കണമെന്നാണ് ആവശ്യം. ഈ തീരുമാനം ഗുണഭോക്താക്കൾ സബ്സിഡികൾ ദുർവിനിയോഗം ചെയ്യുന്നത് തടയുമെന്നും, ബഹ്‌റൈനി കുടുംബങ്ങളുടെ വർദ്ധിച്ചുവരുന്ന സാന്പത്തികഭാരം ലഘൂകരിക്കാനും പൗരന്മാരുടെ ക്ഷേമത്തിന് ആവശ്യമായ സേവനമൊരുക്കുമെന്നും അൽ മാരീഫി അഭിപ്രായപ്പെട്ടു. പൗരന്മാരുടെ ആവശ്യങ്ങളും അവരുടെ സാന്പത്തിക മുൻഗണനകളും വ്യത്യാസപ്പെടാമെന്നും, ആനുകൂല്യങ്ങൾ അർഹിക്കുന്നവർക്ക് അത് ലഭിക്കുന്നിലെന്നും അദ്ദേഹം പറഞ്ഞു. പൗരന്മാരുടെ സാന്പത്തിക സന്തുലനം പുനഃസ്ഥാപിക്കുന്നതും അവർക്ക് അനുയോജ്യമായ വിധത്തിൽ ചിലവുകൾ നിയന്ത്രിക്കുന്നതിനും ഈ നിർദ്ദേശത്തിലൂടെ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിലവുചുരുക്കൽ, ചെലവുകൾ വെട്ടിക്കുറയ്ക്കൽ, സബ്സിഡികൾ നീക്കം ചെയ്യൽ തുടങ്ങിയ ഗവൺമെന്റിന്റെ നടപടികൾക്കിടയിലാണ് അൽ മരീഫിയുടെ അഭിപ്രായം വരുന്നത്. ഈ വർഷം ജനുവരി ആദ്യം പെട്രോൾ വില വർദ്ധിപ്പിച്ചതും ആരോഗ്യത്തിന് ദോഷകരമാവുന്ന ചില ഉൽപ്പന്നങ്ങൾക്ക് നികുതി ചുമത്തിയതുമാണ് ഗവൺമെന്റ് ഒടുവിൽ സ്വീകരിച്ച നടപടികൾ.

