ഇന്ധന വിലവർദ്ധന : കോടതി ഫെബ്രുവരി 11ന് വാദം കേൾക്കും
മനാമ : ഇന്ധന വില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ സുപ്രീം അഡ്മിനിസ്‌ട്രേറ്റീവ് കോടതിയിൽ ഫയൽ ചെയ്ത കേസിൽ ഫെബ്രുവരി 11ന് കോടതി വാദം കേൾക്കും. രണ്ടാഴ്ച മുൻപ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കാതെ ഇന്ധന വിലവർദ്ധന നടപ്പാക്കിയതിനെ ചോദ്യം ചെയ്താണ് ഒരുകൂട്ടം അറ്റോർണി ജനറൽമാർ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. വില വർദ്ധനവ് 2006ലെ 52ലെ നിയമം ലംഘിക്കുന്നതും രാജ്യത്തിന്റെ ഭരണഘടനയ്ക്കെതിരുമാണെന്ന് പെട്ടെന്നുള്ള ഇന്ധന വില വർദ്ധനവിന് രണ്ട് ദിവസത്തിനുശേഷം ജനുവരി 10ന് അറ്റോർണി ജനറൽമാർ പറഞ്ഞിരുന്നു. വില വർദ്ധിപ്പിക്കാനുള്ള തീരുമാനം ഒഴിവാക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഭരണഘടനാപരമായല്ലാതെ വ്യക്തിപരമായി തീരുമാനമെടുക്കാൻ അധികാരമില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഈ പരാതി ദേശീയ സാന്പത്തിക തന്ത്രങ്ങളുമായി ബന്ധമുള്ളതല്ലെന്നും എന്നാൽ, നിയമ നടപടിക്രമങ്ങൾ കർശ്ശനമായി പാലിച്ചില്ലെങ്കിൽ സമാനമായ സംഭവങ്ങൾ ഭാവിയിൽ വീണ്ടും സംഭവിക്കുമെന്നും അവർ ആരോപിച്ചു.
ജനുവരി 9നാണ് നാഷണൽ ഓയിൽ ആന്റ് ഗ്യാസ് അതോറിറ്റി യാതൊരു മുന്നറിയിപ്പും ഇല്ലാതെ രാജ്യത്ത് ഇന്ധന വില ഉയർത്തിയത്. ജയ്ദ് പെട്രോളിന്റെ വില ലിറ്ററിന് 125 ഫിൽസിൽനിന്ന് 140 ഫിൽസായും മുംതാസ് പെട്രോളിന്റെ വില ലിറ്ററിന് 160 ഫിൽസിൽ നിന്ന് 200 ഫിൽസായും ഉയർന്നു. 2016 ജനുവരിയിൽ സമാനമായ തീരുമാനം നടപ്പാക്കിയതിനുശേഷം രണ്ട് വർഷത്തിനുള്ളിൽ ഇത് രണ്ടാമത്തെ തവണയാണ് ഇന്ധന വില വർദ്ധിപ്പിക്കുന്നത്.

