ഖത്തറിൽ അറസ്റ്റിലായ നാവികനെ മോചിപ്പിച്ചു

മനാമ : ഖത്തർ തീരദേശ സേന പിടികൂടിയ ബഹ്‌റൈൻ സ്വദേശിയായ നാവികൻ മുസ്തഫ ഹസ്സൻ 11 ദിവസത്തിനുശേഷം വീട്ടിൽ തിരിച്ചെത്തി. ഏഷ്യൻ വംശജരായ രണ്ടു മത്സ്യത്തൊഴിലാളികളോടൊപ്പം ഡിസംബർ 17ന് കാണാതായ മകനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുസ്തഫ ഹസ്സന്റെ കുടുംബം കഴിഞ്ഞ ആഴ്ചസോഷ്യൽ മീഡിയകളിൽ സന്ദേശങ്ങൾ നൽകിയിരുന്നു. ബോട്ടിലെ ഇന്ധനം തീർന്നതിനെത്തുടർന്ന് ഖത്തറിന്റെ അധീനതയിലുള്ള മേഖലയിൽ കടന്ന ഇവരെ കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഖത്തറിൽ അനധികൃതമായി കടന്നു എന്ന ആരോപണമാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്.
ഖത്തർ അധികൃതർ ചോദ്യം ചെയ്ത ശേഷം മോചിപ്പിച്ചതായും വീട്ടിൽ തിരിച്ചെത്തിയതായും കാണിച്ച് സോഷ്യൽ മീഡിയകളിൽ വ്യാഴാഴ്ച ഹസ്സന്റെ ചിത്രം പ്രചരിച്ചിരുന്നു. എന്നാൽ ഹസ്സന്റെയൊപ്പം പിടിയിലായ മറ്റ് രണ്ട് മത്സ്യത്തൊഴിലാളികളെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകൾ ഒന്നും പുറത്തുവന്നിട്ടില്ല.