ഗോപിയോ സമ്മേളനം ജനുവരി ആറ് മുതൽ എട്ട് വരെ : രാഹുൽ ഗാന്ധിയുൾപ്പടെ പ്രമുഖരെത്തും

രാഹുൽ ഗാന്ധി ബഹ്റൈനിലേയ്ക്ക് വരുന്നത് രാജ്യത്തിന്റെ ഔദ്യോഗിക അതിഥിയായി
മനാമ : ഗ്ലോബൽ ഓർഗനൈസേഷൻ ഓഫ് ഇന്ത്യൻ ഒറിജിൻസ് (ഗോപിയോ) സംഘടിപ്പിക്കുന്ന ഗ്ലോബൽ കോൺഫറൻസ് ബഹ്റൈനിലെ ഗൾഫ് ഹോട്ടലിൽ വെച്ച് ജനുവരി 6,7,8 തീയതികളിലായി നടക്കും. നാൽപ്പതോളം രാജ്യങ്ങളിൽ നിന്നായി ഇരുന്നൂറോളം പ്രതിനിധികളാണ് വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുന്നത്. എഐസിസി അദ്ധ്യക്ഷനായതിന് ശേഷം രാഹുൽ ഗാന്ധി ആദ്യമായി പങ്കെടുക്കുന്ന വിദേശ പരിപാടിയാണ് ഈ കൺവെൻഷൻ. രാഹുൽ ഗാന്ധിക്ക് പുറമേ ശശി തരൂർ എംപി, സാം പിട്രോദ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ബിജെപി നേതാവ് രാജ് പുരോഹിത്, പയനീർസ് പത്രത്തിന്റെ മുൻ എഡിറ്റർ ചന്ദൻ മിത്ര, ബഹ്‌റൈനിലെ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഖാലിദ് അബ്ദുൽ റഹ്മാൻ അൽ മോയദ്, ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ വിഭാഗം ചീഫ് എക്സികുട്ടീവ് ഷെയ്ഖ് ഖാലിദ് ബിൻ ഹുമൂദ് അൽ ഖലീഫ, പി.സി സിറിയക് ഐ.എ.എസ്, ധനം മാഗസിൻ എഡിറ്റർ കുരിയൻ എബ്രഹാം, അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ സി.ഇ.ഒ ജോർജ് ചെറിയാൻ എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുത്ത് സംസാരിക്കും.
രാഹുൽ ഗാന്ധി ബഹ്റൈനിലേയ്ക്ക് വരുന്നത് രാജ്യത്തിന്റെ ഔദ്യോഗിക അതിഥി ആയിട്ടാണെന്ന് ഓർഗനൈസിങ്ങ് കമ്മിറ്റി ചെയർമാനും, പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ വർഗീസ് കുര്യൻ ഇത് സംബന്ധിച്ച് ഇന്ന് രാവിലെ വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ സന്ദർശനം കൺവെൻഷനുമായി ബന്ധപ്പെട്ട് മാത്രമാണെന്നും രാഷ്ട്രീയമായി ഇതിനെ കാണരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോപിയോ എന്ന സംഘടനയുടെ ലക്ഷ്യം പ്രവാസ ഇന്ത്യക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് ഇപ്പോഴത്തെ ഗ്ലോബൽ അംബാസിഡറും, വരാനിരിക്കുന്ന വർഷത്തെ ഗോപിയോയുടെ പ്രസിണ്ടന്റ് ആകാനിരിക്കുന്ന സണ്ണി കുലത്താക്കൽ പറഞ്ഞു. ഇതാദ്യമായാണ് മിഡിൽ ഈസ്റ്റിൽ നിന്നുമുള്ള ഒരാൾ ഗോപിയോയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് നിയമിക്കപ്പെടുന്നത്. വെറിറ്റാസ് പി ആർ കന്പനിയാണ് ഗോപിയോ കൺവെൻഷന്റെ ചുമതലകൾ വഹിക്കുന്നത്. ജനുവരി ആദ്യ വാരം നടക്കാനിരിക്കുന്ന കൺവെൻഷനിൽ പങ്കെടുക്കാനിരിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരിപാടിയെ ഏറെ പ്രതീക്ഷകളോടെയാണ് നോക്കി കാണുന്നതെന്നും, ഇന്ത്യയും ബഹ്റൈനുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നും റിസപ്ഷൻ കമ്മിറ്റി ചെയർമാനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ സോമൻ ബേബി പറഞ്ഞു.
ജനുവരി ആറിന് വൈകുന്നേരം ആറ് മണിക്ക് ആരംഭിക്കുന്ന സമ്മേളനം ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർ അലോക് കുമാർ സിൻഹ, ബഹ്റൈൻ വൈദ്യുതി മന്ത്രി ഡോ അബ്ദുൽ അസീസ് മിർസ, ബിജെപി നേതാവും, മഹാരാഷ്ട്ര കാബിനറ്റ് മന്ത്രിയുമായ രാജ് പുരോഹിത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. ഗോപിയോ പ്രസിഡണ്ട് നീരജ് ബാക്സി ഉദ്ഘാടന ചടങ്ങിൽ അദ്ധ്യക്ഷനാകും. ഉദ്ഘാടന സമ്മേളനത്തിന് ശേഷം മികച്ച നേട്ടം കൈവരിച്ച സ്ത്രീകളെ അവാർഡ് നൽകി ആദരിക്കും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികളും അരങ്ങേറും.