നിയമലംഘനം നടത്തിയ 13 കിൻഡർഗാർഡനുകളുടെ വിവരങ്ങൾ പ്രോസിക്യൂഷന് കൈമാറി

മനാമ : നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് 13 കിൻഡർഗാർഡനുകളുടെ വിവരങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം ജുഡീഷ്യൽ അതോറിറ്റിക്ക് കൈമാറി. മറ്റുള്ളവക്ക് നോട്ടീസ് നൽകിയതായും വിദ്യാഭ്യാസ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ജാഫർ അൽ ഷെയ്ഖ് പ്രസ്താവനയിൽ അറിയിച്ചു.
1998ൽ നിർദേശിച്ചിട്ടുള്ള ലൈസൻസ് വ്യവസ്ഥകൾ ഈ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിച്ചിട്ടില്ലെന്ന് ഷെയ്ഖ് പറഞ്ഞു. കിൻഡർഗാർഡനുകൾക്ക് ഔദ്യോഗിക ലൈസൻസ് ഇല്ലെങ്കിൽ മന്ത്രാലയം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
അനുമതി, സുരക്ഷാ വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ നടത്തിയ മറ്റ് കിൻഡർഗാർഡനുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കിൻഡർഗാർഡൻ മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മന്ത്രാലയത്തിന് 36 പുതിയ അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. നിലവിലെ മാനദണ്ധങ്ങളും നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് നിലവിൽ 133 കിൻഡർഗാർഡനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.