തെരുവ് നായ്ക്കൾക്ക് ആഹാരം നൽകരുതെന്ന് മന്ത്രാലയം
മനാമ : രാജ്യത്ത് തെരുവ് നായ്ക്കൾക്ക് ആഹാരം നൽകുന്നത് തടയുന്നതിലൂടെ അവ പാർപ്പിട മേഖലകളിൽ പെരുകുന്നത് തടയാനാകുമെന്ന് തൊഴിൽ −മുനിസിപ്പാലിറ്റി അഫയേഴ്സ്− അർബൻ പ്ലാനിംഗ് മന്ത്രാലയം. തെരുവ് നായ്ക്കൾക്ക് ആഹാരം നൽകുന്നത് അവ പാർപ്പിട മേഖലകളിൽ തങ്ങുന്നതിന് കാരണമാകുന്നതായി ഇന്നലെ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും വർഷങ്ങളായി തെരുവ് നായ പ്രശ്നം ബഹ്‌റൈനിൽ ഉയർന്നുവരികയാണ്. അവയുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനാൽ, പ്രത്യേകിച്ചും പാർപ്പിട മേഖലകളിൽ ഫലപ്രദമായ പരിഹാരം കാണാൻ കഴിയുന്നില്ല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും അവയെപ്പിടിച്ച് വിദൂര മേഖലകളിലേക്ക് കൊണ്ടുപോകുന്നതിന് രണ്ട് വർഷം മുന്പ് 13,000 ബഹ്‌റൈൻ ദിനാറിന്റെ ഒരു പദ്ധതി നടപ്പാക്കിയിരുന്നു. നാല് മുനിസിപ്പാലിറ്റികളിലെ മുനിസിപ്പൽ കൗൺസിലുകളുടെ ഏകോപനത്തോടെയായിരുന്നു അത്.
ഇത്തരത്തിൽ കെണിയിലായ തെരുവ് നായയെ കൂട്ടിൽനിന്നും മോചിപ്പിക്കുന്ന വിദേശ വനിതയുടെയും അവരെ തടയാൻ ശ്രമിക്കുന്ന ബഹ്‌റൈനി വനിതയുടെയും വീഡിയോ കുറച്ചു ദിവസം മുന്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇരുവരെയും അനുകൂലിച്ചും പ്രതികൂലിച്ചും അനേകരാണ് ചർച്ചകളിൽ പങ്കെടുത്തത്.


