മൈക്രോ ഡ്രാമയെ പ്രകീർത്തിച്ച് വിധികർത്താക്കളും കാണികളും
മനാമ : ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വളരെയധികം കാര്യങ്ങൾ കാണികളിലേക്കെത്തിക്കുക എന്ന മൈക്രോഡ്രാമ സങ്കേതം തന്നെ അതിശയിപ്പിച്ചതായി പ്രമുഖ നാടക−സിനിമാ പ്രവർത്തകനും കൊറിയോഗ്രാഫറുമായ മുരളി മേനോൻ അഭിപ്രായപ്പെട്ടു. വിദേശരാജ്യങ്ങളിൽ അടക്കം നിരവധി നാടകങ്ങളിൽ സംബന്ധിച്ചിട്ടുണ്ടെങ്കിലും അണുനാടകം എന്ന് പറയാവുന്ന സങ്കേതം ആദ്യമായാണ് വീക്ഷിക്കുന്നതെന്നും ഇത്തരം ഒരു നാടകസങ്കേതം ഒരുക്കിയ ബഹ്‌റൈനിലെ നാടക പ്രവർത്തകർ തീർത്തും അഭിനന്ദനം അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
10 മിനുട്ട് ദൈർഘ്യമുള്ള ഒന്പത് നാടകങ്ങളായിരുന്നു വേദിയിൽ അവതരിപ്പിച്ചത്. രാവിലെ 10 മണിക്ക് ആരംഭിച്ച നാടകം വൈകീട്ട് 5 മണിയോടെയാണ് അവസാനിച്ചത്. സൈട്രസ് ഒരുക്കിയ ദി ഹാർട്ട് ബ്രോക്കൻ റൈറ്റർ എന്ന നാടകമായിരുന്നു ആദ്യം വേദിയിലെത്തിയത്.തുടന്ന് കലാ നികേതൻ അവതരിപ്പിച്ച ‘സ്ക്രീം ഓഫ് സൈലന്റ്സ്’, ടീം പീസിന്റെ ‘ഡൊമസ്റ്റിക് വയലൻസ്’, ജോസ് ആന്റണിയും സംഘവും അവതരിപ്പിച്ച ബാലി ടീം അൽ ഖദീറിന്റെ ‘വി ആർ ഹ്യൂമൻ’, ദിനേശ് കുറ്റിയിലിന്റെ ‘ജോക്കർ’, മോഹൻ രാജിന്റെ സംവിധാനത്തിൽ ബഹ്‌റൈൻ പ്രതിഭയുടെ ‘ഉം’, ക്വബ്‌ഗായുടെ ‘ഓൾ എബൗട്ട് അസ്’, വിശ്വകലാ സാംസകാരിക വേദിയുടെ ‘ചുമട് താങ്ങി അഥവാ അത്താണി’, ഹരീഷ് മേനോന്റെ ‘വാട്ട് വി മേ ബി’ എന്ന നാടകവും അരങ്ങിലെത്തി.
ഓരോ നാടകത്തിന് ശേഷവും അവലോകങ്ങളും ഉണ്ടായിരുന്നു. മത്സരനാടകമായി അവതരിപ്പിച്ചതല്ലെങ്കിൽ കൂടി നാടകങ്ങൾക്ക് പ്രത്യേക ജൂറി പുരസ്കാരങ്ങൾ ചടങ്ങിൽ െവച്ച് പ്രഖ്യാപിച്ചു. മികച്ച നാടകമായി ബഹ്‌റൈൻ പ്രതിഭയുടെയം, മികച്ച സംവിധായകനായി ഹരീഷ് മേനോനെയും തിരഞ്ഞെടുത്തു. ബഹ്‌റൈൻ നാടകപ്രവർത്തകനായ അഹമ്മദ് അലി ജാസ്സിമിനി മികച്ച നടനായും വിജിന സന്തോഷിനെ മികച്ച നടിയായും തിരഞ്ഞെടുത്തു. 9 നാടകങ്ങൾക്കും പ്രകാശ നിയന്ത്രണം നൽകിയ കൃഷ്ണകുമാർ പയ്യന്നൂരിനെയും വിധികർത്താക്കൾ അഭിനന്ദിച്ചു.


