യു.പി.പി സ്ഥാനാർത്ഥിപ്പട്ടികയായി
മനാമ: ഇന്ത്യൻ സ്കൂളിൽ ഡിസംബർ 8ന് നടക്കാനിരിക്കുന്ന ഭരണ സമിതി തിരഞ്ഞെടുപ്പിൽ പാനലിലെ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചുകൊണ്ട് യു.പി.പി സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിച്ചു. ഐ.സി.ആർ.എഫ് ജോയിന്റ് സെക്രട്ടറിയും വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ അമരക്കാരനായ അജയകൃഷ്ണൻ, ഇന്ത്യൻ സ്കൂൾ മുൻ അദ്ധ്യാപകനായിരുന്ന ഡോ. റോയ് സെബാസ്റ്റ്യൻ, ഒരദ്ധ്യാപിക കൂടിയായ ഡോ. മനിലാ റാഫി, ഇന്ത്യൻ സ്കൂളിലെ മുൻ ഐ.ടി വിഭാഗത്തിന്റെ വികസനത്തിന് തുടക്കമിട്ട അദ്ധ്യാപകനായിരുന്ന ഡോ. സുരേഷ് സുബ്രമണ്യം, ബഹ്റൈനിലെ പ്രമുഖ കന്പനിയിലെ അക്കൗണ്ടന്റ് മേധാവി പ്രകാശ് റോഡ്രിജ്സ്, സാമൂഹ്യ പ്രവർത്തകനായ റഷീദ് നടുക്കണ്ടി, ബഹ്റൈൻ സമൂഹവുമായി അടുത്തിടപഴകുന്ന ബിജു ജോർജ്ജ് എന്നിവരെയാണ് രക്ഷിതാക്കൾക്ക് മുന്നിൽ തങ്ങൾ അവതരിപ്പിക്കുന്നതെന്ന് യു.പി.പി ഭാരവാഹികൾ അറിയിച്ചു.
സ്കൂൾ അഡ്മിഷൻ രക്ഷിതാക്കളുടെ അവകാശമാക്കുക. 2008 മുതൽ ആറ് വർഷക്കാലം സ്കൂളിന്റെ ഭരണം ഏറ്റെടുത്തുകൊണ്ട് സ്കൂളിന്റെ പുരോഗതിക്ക് കാര്യമായ ഇടപെടലുകൾ നടത്തിയ മുന്നണി എന്ന നിലയിലാണ് വീണ്ടും രക്ഷിതാക്കളെ അഭിമുഖീകരിക്കുന്നത്. 2008ൽ 6500ൽപരം കുട്ടികളുണ്ടായിരുന്ന ഇന്ത്യൻ സ്കൂളിനെ അന്ന് അധികാരത്തിലെത്തിയ യു.പി.പി 12500ലധികം കുട്ടികളായുയർത്തിയത് തങ്ങളുടെ ഭരണ നൈപുണ്യത്തിന്റെ ഭാഗമായാണെന്നും യു.പി.പി അവകാശപ്പെടുന്നു.
2011ൽ ഇസാടൗൺ ക്യാന്പസിൽ വിശാലമായ ഡയമണ്ട് ജൂബിലി ബ്ലോക്കും 2013ൽ റിഫാ ക്യാന്പസും പണിതത് യു.പി.പിയ്ക്ക് മാത്രം അവകാശപ്പെടാവുന്ന ഭരണ നേട്ടങ്ങളാണ്. ഈ കഴിഞ്ഞ മൂന്ന് വർഷം ക്രിയാത്മകമായ പ്രതിപക്ഷമായും അതിന് മുന്പ് ആറ് വർഷം സ്കൂളിന്റെ ഭരണ സേവനത്തിനും നേതൃത്വം വഹിച്ച യു.പി.പി നൽകുന്ന വാഗ്ദാനങ്ങൾ സന്പൂർണ്ണമായും പാലിച്ച ചരിത്രമുള്ള പ്രസ്ഥാനമാണെന്ന് യു.പി.പി രക്ഷാധികാരിയും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനുമായ എബ്രഹാം ജോൺ, കൺവീനർ പി.എസ് രാജ്ലാൽ തന്പാൻ എന്നിവർ പറഞ്ഞു. ഒട്ടും ഫീസ് വർദ്ധനവില്ലാതെ ലോകോത്തര മാതൃകയിൽ സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കി ഉന്നത നിലവാരവുമുള്ള വിദ്യാഭ്യാസം സ്കൂളിനകത്ത് ഉറപ്പ് വരുത്തുമെന്നും ഹയർ എജ്യുക്കേഷൻ കൊണ്ടു വരുന്നതിൽ ശ്രദ്ധ ചെലുത്തുമെന്നും, അദ്ധ്യാപകർക്കും ജീവനക്കാർക്കും വർഷം തോറും ശന്പള വർദ്ധനവ് നടപ്പിലാക്കുക, എ.സി, ഗതാഗതം എന്നീ അതിപ്രധാന സൗകര്യങ്ങൾ കുറ്റമറ്റതും കൃത്യമുള്ളതുമാക്കുക, മെഗാ ഫെയർ പോലുള്ള ഫെസ്റ്റിവെലുകളിൽ എല്ലാവർക്കും തുല്ല്യപരിഗണന നൽകുക, സാന്പത്തികമായും അല്ലാതെയും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ആവശ്യമായ രീതിയിൽ കൈതാങ്ങായി നിന്ന് അവരെ മുഖ്യധാരയിലേയ്ക്കുയർത്തുക എന്നിവയാണ് തങ്ങളുടെ പ്രധാന ലക്ഷ്യങ്ങളെന്ന് മീഡിയ കൺവീനർ എഫ്.എം ഫൈസൽ, എം.ടി വിനോദ്, അബ്ദുൽ സഹീർ, വി.എം ബഷീർ, മോനി ഒടികണ്ടത്തിൽ, ജ്യോതിഷ് പണിക്കർ, അബ്ബാസ് സായ്പ് എന്നിവർ പറഞ്ഞു.


