ഇന്ത്യൻ സ്കൂളിൽ സന്പൂർണ്ണ നവീകരണവും ആധുനിക പഠന നിലവാരവും ലക്ഷ്യമെന്ന് യു.പി.എ
മനാമ: ബഹ്റൈൻ ഇന്ത്യൻ സ്കൂളിനെ ആധുനിക രീതിയിൽ എല്ലാ രംഗത്തും സന്പൂർണ്ണ നവീകരണവും പഠന നിലവാരം ഉയർത്തലുമാണ് ഫ്രാൻസിസ് കൈതാരത്ത് നേതൃത്വം നൽകുന്ന യുണൈറ്റഡ് പേരന്റ്സ് അലയൻസ് ലക്ഷ്യമിടുന്നതെന്ന് മുന്നണി ചെയർമാനും മുൻ ഇന്ത്യൻ സ്കൂൾ ചെയർമാനും, ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ടുമായ പി.വി രാധാകൃഷ്ണ പിള്ള പറഞ്ഞു. ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ആധുനികവൽക്കരണ പ്രക്രിയയ്ക്ക് തുടക്കം കുറിക്കാൻ താൻ നേതൃത്വം കൊടുത്ത 2002−08 കാലഘട്ടത്തിലെ കമ്മിറ്റിക്ക് കഴിഞ്ഞു എന്നത് ഏറെ ചാരിതാർത്ഥ്യജനകമാണ്. ഇന്ന് കാണുന്ന മുഴുവൻ വാർഷിക പരിപാടികൾക്കും തുടക്കം കുറിച്ചതും ആ കാലഘട്ടത്തിലായിരുന്നു. അക്കാദമിക് രംഗത്ത് ഒരു വലിയ കുതിച്ചു കയറ്റം തന്നെ ഉണ്ടായിരുന്നു. നൂറ് ശതമാനം റിസൾട്ട് എന്ന തലത്തിലേയ്ക്ക് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ എത്തിച്ചേർന്നത് ഈ കാലഘട്ടത്തിലാണ്. കുട്ടികൾക്ക് ആദ്യമായി എ.സി ബസ് ഏർപ്പാടാക്കിയതും, സ്കൂളിന് ഐ.എസ്.ഒ പദവി സർട്ടിഫിക്കറ്റ് നേടിയതും ഇതേ കാലയളവിലായിരുന്നു. ഇന്റർ ഗൾഫ് യൂത്ത് ഫെസ്റ്റിവൽ, വിവിധ രാജ്യങ്ങളുമായുള്ള വിദ്യാഭ്യാസ -സാംസ്കാരിക വിനിമയ പരിപാടികൾ എന്നിവയും ഷെയ്ഖ് ഇസ ബ്ലോക്ക് നിർമ്മാണവും ഇക്കാലയളവിലാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
മികച്ച വിദ്യാർത്ഥികൾക്ക് ആവശ്യമായ സ്കോളർഷിപ്പുകൾ നൽകി അവരെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്നതിനുള്ള ബാധ്യതയാണ് നമുക്ക് പ്രധാനമായും നിറവേറ്റുവാനുള്ളത്. എൻട്രൻസ് എഴുതുന്ന വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം എൻട്രൻസ് പരിശീലനം എന്നത് നമ്മുടെ ഒരു സ്വപ്നം മാത്രമായി ഇന്നും അവശേഷിക്കുന്നു. അതിനുള്ള സംവിധാനം ഏർപ്പെടുടുത്തുവാൻ യു.പി.എ പ്രതിജ്ഞാബദ്ധമാണ്. സ്പോർട്സ് രംഗത്തെ ഭാവി പ്രതീക്ഷകൾ ഇവിടെ അനവധിയാണ്. അവർക്ക് ആവശ്യമായ അടിസ്ഥാന പ്രൊഫഷണൽ പരിശീലനത്തിന് വേദി ഒരുക്കണം. കുട്ടികൾ വിവിധ മാനസിക സംഘർഷങ്ങൾക്ക് അടിമപ്പെടാതെ സംരക്ഷിക്കേണ്ട ചുമതല രക്ഷകർത്താക്കൾക്കും, അദ്ധ്യാപകർക്കും ഒരുപോലെ ഉള്ളതാണ്, അതിന് ആവശ്യമായ നിരന്തരവും കാര്യക്ഷമവുമായ കൗൺസിലിംഗുകൾ ഏർപ്പെടുത്തും. ഇതോടപ്പം കുട്ടികളുടെ സ്കൂൾ ബാഗ് ഭാരം കുറയ്ക്കുവാനും നമുക്ക് കഴിയണം. അർഹതപ്പെട്ടവർക്ക് പ്രവേശനം ഉറപ്പു വരുത്തുവാനും പിൻവാതിൽ അഡ്മിഷനും, പിൻവാതിൽ നിയമനവും പരിപൂർണ്ണമായും ഇല്ലാതാക്കുവാനും യു.പി.എ കർശ്ശന നടപടികൾ സ്വീകരിക്കുകയും, അഡിമിഷൻ, നിയമനം എന്നിവയിൽ തികഞ്ഞ സുതാര്യത ഉറപ്പു വരുത്തുകയും ചെയ്യും. അദ്ധ്യാപകരുടെ മനോവീര്യത്തിന് കരുത്ത് പകരുവാൻ മാന്യമായ സേവന വേതന വ്യവസ്ഥകൾ ഉണ്ടാകണം. യാതൊരുവിധ സ്വാർത്ഥ മോഹങ്ങളും സ്കൂൾ ഭരണത്തെ സ്വാധീനിക്കുവാൻ നാം അനുവദിക്കരുത്. തികഞ്ഞ യോഗ്യത ഉള്ളവരും, കൂടുതൽ സമയം സ്കൂൾ ഭരണ കാര്യങ്ങളിൽ നേരിട്ട് ഇടപെടുവാൻ കഴിയുന്നവരുമായിരിക്കണം സ്കൂൾ ഭരണസംവിധത്തിലേയ്ക്ക് കടന്നു വരേണ്ടത്. ഒരു സാധാരണ രക്ഷാകർത്താവിന് ഭരണാധികാരികളെ നേരിൽ കാണുവാനും, ആവലാതികൾ ബോധിപ്പിക്കാനും അവസരം ഇല്ല എങ്കിൽ സ്കൂൾ ഭരണം യന്ത്രികമാകും. ഇതിനെല്ലാമുതകുന്ന ഒരു നേതൃ നിരയെയാണ് യു.പി.എ ഫ്രാൻസിസ് കൈതാരത്തിന്റെ നേതൃത്വത്തിൽ അവതരിപ്പിക്കുന്നതെന്നും പാനലിനെ നല്ല ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്നും യു.പി.എ കൺവീനർ അഭ്യർത്ഥിച്ചു.


