സർക്കാർ നികുതി ബില്ലുകൾ പാർലമെന്ററി കമ്മിറ്റി തള്ളി

മനാമ : ചില ഉൽപ്പന്നങ്ങളിൽ പുതിയ നികുതികൾ ഏർപ്പെടുത്തുന്നതിനുള്ള ഗവൺമെന്റിന്റെ തീരുമാനം പാർലമെന്ററി കമ്മിറ്റി തള്ളി. പൗരന്മാർക്കുമേൽ ബില്ലുകൾ കൂടുതൽ നികുതിഭാരം അടിച്ചേൽപ്പിക്കുമെന്ന് എം.പിമാർ പറഞ്ഞു. ജി.സി.സിയുടെ ഏകീകൃത നികുതി കരാറിൽ ഉൾപ്പെടുന്ന സെലക്ടീവ് ടാക്സേഷൻ, മൂല്യവർദ്ധിത നികുതി(വാറ്റ്) എന്നിവയാണ് ബില്ലുകൾ. ഇന്നലെ നടന്ന എം.പിമാരുടെ പതിവ് മീറ്റിങ്ങിലാണ് ഗവൺമെന്റിലെ ഫിനാൻഷ്യൽ ആന്റ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി ബില്ലുകൾ തള്ളിക്കളഞ്ഞത്.
ബില്ലുകൾ നിരവധി പഴുതുകൾ അടങ്ങിയതാണെന്നും അവ പഠിക്കാൻ മതിയായ സമയം അനുവദിച്ചിരുന്നില്ലെന്നും കമ്മിറ്റിയുടെ ഡെപ്യൂട്ടി ഹെഡ് എം.പി ജലാൽ കാദിമിന്റെ നേതൃത്വത്തിൽ നടന്ന യോഗം വ്യക്തമാക്കി. കമ്മീഷൻ രണ്ടാഴ്ചയ്ക്കുള്ളിൽ ബിൽ അവലോകനം ചെയ്യണമെന്നും പാർലമെന്റിൽ ചർച്ച ചെയ്യുകയോ അംഗീകരിക്കുകയോ ചെയ്യണമെന്നും എം.പി കാദിം പറഞ്ഞു. ബില്ലിലെ വ്യവസ്ഥകൾക്കനുസൃതമായി ബന്ധപ്പെട്ട മന്ത്രിക്ക് ആരോഗ്യത്തിനും പരിസ്ഥിതിയ്ക്കും ഹാനികരമായ ഉൽപ്പന്നങ്ങളുടെ മേൽ നികുതി ഏർപ്പെടുത്താമെന്നും എം.പി വ്യക്തമാക്കി.
കഴിഞ്ഞ മാസം ക്യാബിനറ്റ് പാസാക്കിയ ബില്ലുകൾ ഒക്ടോബർ പതിനാറിന് കൂടുതൽ പഠനത്തിനും അംഗീകാരത്തിനുമായി നിയമനിർമ്മാണ അതോറിറ്റികൾക്ക് (ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്സ്, ഷൂറ കൗൺസിൽ) കൈമാറി. ആരോഗ്യത്തിന് ഹാനികരമായ പുകയില ഉൽപ്പന്നങ്ങൾ (100 ശതമാനം), കാർബണേറ്റഡ് പാനീയങ്ങൾ (50 ശതമാനം), ഊർജ്ജ പാനീയങ്ങൾ (100 ശതമാനം) എന്നിങ്ങനെ നികുതി വർദ്ധിപ്പിക്കണമെന്ന് ശുപാർശ ചെയ്യുന്നതാണ് ബില്ലുകൾ.