ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ ഹാദിയയെ സന്ദർശിച്ചു

കൊച്ചി: ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ഹാദിയയെ സന്ദർശിച്ചു. ഹാദിയ വീട്ടിൽ സുരക്ഷിതയാണെന്നും ഹാദിയയ്ക്ക് യാതൊരു തരത്തിലുമുള്ള ശാരീരിക പീഡനങ്ങളും ഏൽക്കേണ്ടി വന്നിട്ടില്ലെന്നും രേഖ ശർമ പറഞ്ഞു. കേസ് പരിഗണിക്കുന്ന 27−ാം തീയതി കോടതിയിൽ എത്താൻ കാത്തിരിക്കുകയാണെന്ന് ഹാദിയ പറഞ്ഞതായും രേഖ ശർമ പറഞ്ഞു. വൈക്കത്തെ ഹാദിയയുടെ വീട്ടിലെത്തിയ രേഖ വീട്ടുകാരുമായി ഒരുമണിക്കൂറോളം നേരം സംസാരിച്ചു. ആദ്യമായാണ് ദേശീയ വനിതാ കമ്മീഷൻ കേസിലുൾപ്പെട്ട കക്ഷിയോട് കോടതിക്ക് പുറത്തുവെച്ച് സംസാരിക്കുന്നത്.
ഹാദിയ സന്തോഷവതിയാണ്. തന്നോട് പുഞ്ചിരിച്ചുകൊണ്ട് സംസാരിച്ച ഹാദിയ ഭക്ഷണം കഴിക്കുന്നുണ്ടെന്നും പൂർണ ആരോഗ്യവതിയുമാണെന്നും രേഖ പറഞ്ഞു. എന്നാൽ തന്നോട് സംസാരിച്ച കാര്യങ്ങൾ മാധ്യമങ്ങളോട് പറയാനാകില്ല. അത് കോടതിയിൽ ബോധിപ്പിക്കും. കേരളത്തിൽ ലൗവ് ജിഹാദുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ലവ് ജിഹാദ് അല്ല നിർബന്ധിത മതപരിവർത്തനമാണ് നടക്കുന്നതെന്നും രേഖ ശർമ ചൂണ്ടിക്കാട്ടി.
ഐ.എസ് സ്വാധീനത്തിൽ സിറിയയിലേക്ക് കടന്നു എന്ന് കരുതുന്ന നിമിഷ ഫാത്തിമയുടെ അമ്മയെ ദേശീയ വനിത കമ്മിഷൻ അധ്യക്ഷ സന്ദർശിക്കും.
എന്നാൽ തൃപ്പൂണിത്തുറയിലേത് അടക്കമുള്ള വിവാദ മതപരിവർത്തന കേന്ദ്രങ്ങൾ അവർ സന്ദർശിക്കില്ല. സംസ്ഥാന പോലീസ് മേധാവിയുമായും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ കൂടിക്കാഴ്ച നടത്തും. നാളെ കോഴിക്കോട്ടും ബുധനാഴ്ച തിരുവനന്തപുരത്തും ദേശീയ വനിതാ കമ്മീഷൻ സിറ്റിംങ് ഉണ്ട്. പരാതിയുള്ള ആർക്കും നേരിൽ കാണാമെന്ന് രേഖ ശർമ പറഞ്ഞു.