പ്രധാനമന്ത്രി രാജ്യത്തെ എടുത്ത് അമ്മാനമാടുകയാണ് : തോമസ് ഐസക്

തിരുവനന്തപുരം : വാചകമടിയിൽ അഭിരമിച്ചുകഴിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി, രാജ്യത്തെ എടുത്ത് അമ്മാനമാടുകയാണെന്ന് ധന മന്ത്രി തോമസ് ഐസക് ആരോപിച്ചു. നോട്ടു നിരോധനം പ്രധാനമന്ത്രിയുടെ സാന്പത്തിക കൂടോത്രമെന്നും നോട്ടു നിരോധനം വിവര ക്കേടാണെന്നും തോമസ് ഐസക് പറഞ്ഞു.
നോട്ടു നിരോധനം നടന്ന് ഒരുവർഷം തികയുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമർശനമാണു തോമസ് ഐസക് ഉന്നയിച്ചിരിക്കുന്നത്. ദോഷമല്ലാതെ ഒരുഗുണവും നോട്ടുനിരോധനം മൂലമുണ്ടായിട്ടില്ല. നോട്ടുനിരോധനം വഴി നരേന്ദ്ര മോഡി രാജ്യത്തെ നിക്ഷേപാന്തരീക്ഷം തകർത്തു. ആത്മവിശ്വാസത്തിന്റെ അന്തരീക്ഷം നഷ്ടമായി. സന്പദ് രംഗത്തെ ഡിജിറ്റൽവൽക്കരണമൊക്കെ വെറും വാചകമടിയായെന്നും തോമസ് ഐസക് പരിഹസിച്ചു. നോട്ടു നിരോധനം വഴി മൂന്നര ലക്ഷം കോടിരൂപയുടെയെങ്കിലും ഉൽപ്പാദന നഷ്ടം രാജ്യത്തിനുണ്ടായെന്നും തോമസ് ഐസക് പറഞ്ഞു.