ഇന്ത്യൻ സ്കൂൾ മലയാള ദിനം ആഘോഷിച്ചു

മനാമ : കേരള പിറവിയോടനുബന്ധിച്ച് ഇന്ത്യൻ സ്കൂൾ മലയാള ദിനം സമുചിതമായി ആഘോഷിച്ചു. ഇന്ത്യൻ സ്കൂൾ ഇസാടൗൺ ക്യാന്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ നടന്ന മലയാള ദിനാഘോഷം സാംസ്കാരിക പ്രവർത്തകൻ അനിൽ വേങ്കോട് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗം സജി മാർക്കോസ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, വൈസ് പ്രിൻസിപ്പൽമാർ, അദ്ധ്യാപകർ എന്നിവർ തദ്ദവസരത്തിൽ സന്നിഹിതരായിരുന്നു. മലയാള ദിനാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ തിരുവാതിരക്കളി, സംഘ ഗാനം, പദ്യം ചൊല്ലൽ, ഗാനമേള എന്നിവയും ചടങ്ങിന് മറ്റുകൂട്ടി. ജേതാക്കൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും ചടങ്ങിൽ വിതരണം ചെയ്തു.
വിദ്യാർത്ഥികളുടെ അകമഴിഞ്ഞ പങ്കാളിത്തവും അദ്ധ്യാപകരുടെയും സ്കൂൾ അധികൃതരുടെയും മികച്ച പിന്തുണയും ആഘോഷ പരിപാടികളെ മികവുറ്റതാക്കി.