പാചകവാതകവില വർദ്ധിപ്പിച്ചു

ന്യൂഡൽഹി : സാധാരണക്കാരെ ബുദ്ധിമുട്ടിലാക്കി പാചകവാതകത്തിന് വീണ്ടും വിലവർദ്ധന. സബ്സിഡിയുള്ളതും ഇല്ലാത്തതുമായ ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 94 രൂപയാണ് കൂട്ടിയത്. ഇതോടെ പുതിയ സിലിണ്ടറിന് 729 രൂപ നൽകണം. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിനു കൂടിയത് 146 രൂപയാണ്. പുതിയ വില 1,289 രൂപ. അടുത്തമാർച്ചോടെ സബ്സിഡി ഇല്ലാതാക്കുന്നതിനു മുന്നോടിയായി എല്ലാ മാസവും എൽപിജി വില വർദ്ധിപ്പിക്കണമെന്ന കേന്ദ്രസർക്കാർ തീരുമാനം അനുസരിച്ചാണിത്.
വർദ്ധിപ്പിച്ച തുക സബ്സിഡി ഇനത്തിൽ തിരിച്ച് കിട്ടുന്നതിനാൽ 94 രൂപ കൂട്ടിയെങ്കിലും ഫലത്തിൽ 4 രൂപ 60 പൈസയുടെ വർദ്ധനയാണ് ഉപഭോക്താവിന് അനുഭവപ്പെടുക. ബാങ്ക് അക്കൗണ്ടിലേയ്ക്ക്എത്തുന്ന മൊത്തം സബ്സിഡി തുക 230 രൂപയായി ഉയരുകയും ചെയ്യും. അതായത് സിലിണ്ടർ കൈപ്പറ്റുന്പോൾ 729 രൂപ നൽകേണ്ടി വരുമെങ്കിലും 499 രൂപയാണ് പാചക വാതക സിലിണ്ടറിന് യഥാർത്ഥത്തിൽ വരുന്ന വില. അതേസമയം, സബ്സിഡിയില്ലാത്ത 14 കിലോ സിലിണ്ടർ ലഭിക്കാൻ 729 രൂപ നൽകണം. സപ്റ്റംബറിൽ സിലിണ്ടറൊന്നിന് ഏഴു രൂപ കൂട്ടിയിരുന്നു. ഒക്ടോബറിൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടറൊന്നിനു 49 രൂപയും വാണിജ്യാവശ്യത്തിനുള്ളവയ്ക്കു 78 രൂപയും കൂട്ടിയിരുന്നു. കേരളത്തിൽ ആകെയുള്ള 46 ലക്ഷം ഉപയോക്താക്കളെ ഇത് ബാധിക്കും.