ഇന്ത്യൻ സ്‌കൂൾ ശാ­സ്ത്ര പ്രശ്നോ­ത്തരി­ സംഘടി­പ്പി­ച്ചു­


മനാമ : ബഹ്റൈനിലെ വിവിധ സ്‌കൂളുകളിലെ കുരുന്ന് പ്രതിഭകൾക്കായി ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിച്ച മദർ കെയർ −ഡോ. എ.പി.ജെ അബ്ദുൾകലാം ഇന്റർജൂനിയർ സ്‌കൂൾ ശാസ്ത്ര പ്രശ്നോത്തരി സംഘടിപ്പിച്ചു. മത്സരത്തിന്റെ ഫൈനലിൽ ഏഷ്യൻ സ്‌കൂൾ കിരീടം നേടി. ഇന്ത്യൻ സ്‌കൂളാണ് റണ്ണേഴ്‌സ് അപ്. ഏഷ്യൻ സ്‌കൂളിനെ പ്രതിനിധീകരിച്ച് വിദ്യാർത്ഥികളായ ജാദൻ ജെറി തോമസ്, ദേവ് നവീൻ എന്നിവരും ഇന്ത്യൻ സ്‌കൂളിനെ പ്രതിനിധീകരിച്ച് അരിത്രോ ഘോഷ്, നേഹ ആൻ റോബി എന്നിവരുമാണ് ഫൈനലിൽ പങ്കെടുത്തത്.

ബഹ്റൈനിലെ 13 സ്‌കൂളുകളിൽ നിന്നായി 37 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഒന്പതും പത്തും വയസുള്ള കരുന്ന് പ്രതിഭകൾ മാറ്റുരച്ച മത്സരം വീക്ഷിക്കാൻ ധാരാളം രക്ഷിതാക്കളും ക്വിസ് പ്രേമികളും വെള്ളിയാഴ്ച വൈകീട്ട്  ഇന്ത്യൻ സ്‌കൂളിന്റെ റിഫ ക്യാന്പസ് ഓഡിറ്റോറിയത്തിൽ സന്നിഹിതരായിരുന്നു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ചടങ്ങിൽ ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി ഡോ. ഷെമിലി പി. ജോൺ, വൈസ് ചെയർമാൻ മുഹമ്മദ് ഇഖ്ബാൽ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ജയഫർ മൈദാനി, സജി ആന്റണി, സജി മാർക്കോസ്, ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, റിഫ ക്യാന്പസ് പ്രിൻസിപ്പൽ സുധീർ കൃഷ്ണൻ, സ്റ്റാഫ് പ്രതിനിധി പ്രിയ ലാജി, മദർകെയർ ടെറിട്ടറി ഹെഡ് ഷുമാലൻ നായ്‌ക്കർ, കോൺസെപ്റ്റ് മാനേജർ വല്ലാഡറാസ് റസൽ, ഹുമാനാ സെയിൽസ് മാനേജർ ആർ. ബാലു എന്നിവരും മറ്റ് സ്‌കൂൾ അധികൃതരും സന്നിഹിതരായിരുന്നു. ക്വിസ് മാസ്റ്റർ ശരത് മേനോനും സംഘവുമാണ് ശാസ്ത്ര പ്രശ്നോത്തരി നയിച്ചത്. വിവിധ രാജ്യങ്ങളുടെ ശാസ്ത്ര പഠന വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു ചോദ്യങ്ങൾ. ഓഡിയൻസ് റൗണ്ടിൽ പത്തോളം ചോദ്യങ്ങൾ ഉണ്ടായിരുന്നു.  ഇന്ത്യൻ സ്‌കൂൾ റിഫ ക്യാന്പസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുതുമയാർന്ന ഈ സംരംഭം മിസൈൽ സാങ്കേതിക വിദഗ്ദ്ധനും ചിന്തകനുമായിരുന്ന മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുൽ കലാമിന് ആദര സൂചകമായാണ് ഒരുക്കിയത്. മദർകെയർ ആയിരുന്നു  പരിപാടിയുടെ ടൈറ്റിൽ സ്പോൺസർ. ഹുമാന  മുഖ്യ സ്പോൺസറും യെലോ ലൈൻ റെസ്റ്റോറന്റ് സ്പോൺസറുമായിരുന്നു. 

ചെറു പ്രായത്തിൽ തന്നെ കുട്ടികളിൽ ശാസ്ത്രാവബോധവും വേറിട്ട ചിന്തയും വളർത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ക്വിസ് മത്സരം ഉജ്വല വിജയമാക്കിയ റിഫ ക്യാന്പസ് ടീമിനെ  ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ അനുമോദിച്ചു. കുട്ടികളിൽ അന്തർലീനമായ കഴിവുകളെ പരിപോഷിപ്പിക്കാൻ സംഘടിപ്പിച്ച ഈ പരിപാടിയുടെ സ്പോൺസർമാരെയും അത് വിജയിപ്പിക്കാൻ യത്നിച്ച അദ്ധ്യാപകരെയും രക്ഷിതാക്കളെയും ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി ഡോ. ഷെമിലി പി. ജോൺ അഭിനന്ദനം അറിയിച്ചു. ഈ സംരംഭം ഒരു മികച്ച പഠനാനുഭവം ആക്കിമാറ്റാൻ സഹകരിച്ച ഏവർക്കും റിഫ ക്യാന്പസ് പ്രിൻസിപ്പൽ സുധിർ കൃഷ്ണൻ നന്ദി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed