അൽ അൻസാർ സെന്ററിനെതിരെയുള്ള ആരോപണങ്ങൾ ആസൂത്രിതം : ഭാരവാഹികൾ
മനാമ : ഇസ്ലാമിക് േസ്റ്ററ്റിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തി കണ്ണൂരിൽ നിന്നും അറസ്റ്റിലായ മുൻ ബഹ്റൈൻ പ്രവാസികൾക്ക് അൽ അൻസാർ സെന്ററുമായി ബന്ധമുണ്ടെന്ന ദുരാരോപണം ദുഷ്ടലാക്കോട് കൂടിയുള്ള താണെന്നും തികച്ചും വ്യക്തിപരമാണെന്നും സെന്ററിന്റെ സുതാര്യമായ ഇസ്ലാമിക പ്രബോധന പ്രവർത്തനങ്ങളെ നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും അൽ അൻസാർ സെക്രട്ടറിയറ്റ് വിലയിരുത്തി.
മുപ്പത് വർഷത്തോളമായി ബഹ്റൈൻ ഗവർമെന്റിന്റെയും ഇസ്ലാമിക മന്ത്രാലയത്തിന്റെയും അംഗീകാരത്തോടെ പ്രവർത്തിക്കുന്ന മുസ്ലിം എഡ്യുക്കേഷണൽ സൊസൈറ്റിയുടെ (തർബിയ) കീഴ് ഘടകമായി പ്രവർത്തിച്ചു വരുന്ന ഒരു കമ്മറ്റിയാണ് അൽ അൻസാർ സെന്റർ. യഥാർത്ഥ ഇസ്ലാമിന്റെ സന്ദേശവും പരിശുദ്ധ ഖുർആനിന്റെ ആശയങ്ങൾക്കോ വിരുദ്ധമായി ഈ പറയപ്പെടുന്നത് പോലെയുള്ള വിനാശകരവും അനിസ്ലാമികവുമായ യാതൊരു പ്രവർത്തനവും പ്രോൽസാഹിക്കുന്ന നിലപാട് സെന്റർ സ്വീകരിച്ചിട്ടില്ല. അത്തരം തീവ്ര സമീപനങ്ങൾ പ്രകടമാവുന്ന ആളുകളെ എക്കാലത്തും ശക്തമായി എതിർക്കുകയും മാറ്റി നിറുത്തപ്പെടുകയും ചെയ്തിട്ടുണ്ട്. അവരിൽ പലരും അവരുടെ ആശയങ്ങൾ സ്വകാര്യമായി പ്രചരിപ്പിക്കുകയും പിന്നീട് ഇവിടെ നിന്ന് അപ്രത്യക്ഷമാവുകയും ചെയ്തതായി അറിയാൻ കഴിഞ്ഞിട്ടൂണ്ട്. സ്വാഭാവികമായും അത്തരം വ്യക്തികൾ സെന്റർ എടുത്തിട്ടുള്ള ശക്തമായ നിലപാടുകളോടും സമീപനത്തോടും കടുത്ത എതിർപ്പ് ഉള്ളവരായിരിക്കും. ഈ ഒരു കാരണമാവാം പിടിക്കപ്പെടുന്പോൾ സെന്ററിന്റെ പേര് പരാമശിക്കാൻ കാരണമാകുന്നതെന്ന് സംശയിക്കുന്നു. 1998ൽ ബഹ്റൈനിൽ നിന്നും പ്രവാസം നിർത്തി പോയ ഇപ്പോൾ പിടിയിലായവരുമായി സെന്ററിന് ഒരു ബന്ധവുമില്ല, ഏതെങ്കിലും കാരണത്താൽ സെന്ററിൽ നിന്നും പുറത്തു പോയവർ പലപ്പോഴും സെന്ററിന്റെ ദൈനം ദിന പ്രബോധന പ്രവർത്തനങ്ങൾക്ക് വിഘാതമായിരുന്നു. സെന്ററിന്റെ പ്രവർത്തനങ്ങൾ ഏത് നിലക്കും സ്തംഭിപ്പിക്കുമെന്നായിരുന്നു ഇക്കൂട്ടരുടെ വെല്ലുവിളി. ഈ വെല്ലുവിളിയുടെ ഭാഗമായിട്ടാണ് ബഹ്റൈനിൽ നിന്നും പിടിക്കപ്പെടുന്നവരൊക്കെ അൽ അൻസാർ സെന്ററിന്റെ പേർ ഉപയോഗിക്കുന്നതെന്നും സെക്രട്ടറിയറ്റ് വിലയിരുത്തി.
അൽ അൻസാർ സെന്ററിന്റെ പ്രബോധന പ്രവർത്തനങ്ങളിൽ നൂറ് കണക്കിന് ആളുകൾ ഭാഗഭാക്കാവാറുണ്ട്. കൂടാതെ, ആയിരങ്ങൾ സെന്റർ ഒരുക്കുന്ന ഇസ്ലാമിക പ്രഭാഷണ പരിപാടികളിൽ പ്രേക്ഷകരാവാറുമുണ്ട്. ഇസ്‌ലാമിന്റെ യഥാർത്ഥ വിശ്വാസ ആചാരങ്ങൾ പരിശുദ്ധ ഖുർആനിനും തിരു സുന്നത്തിനും അനുസരിച്ചു പ്രവാസികൾക്ക് പഠിപ്പിച്ച് കൊടുക്കുക മാത്രമാണ് സെന്റർ ചെയ്യുന്നത്. സെന്ററിന്റെ പ്രവർത്തനങ്ങൾ എല്ലാം തന്നെ മാതൃ സംഘടനയായ തർബിയയുടെ പണ്ധിതന്മാരുമായി ആലോചിച്ചും അവരുടെ ഉപദേശ നിർദ്ദേശങ്ങൽക്കനുസരിച്ചും മാത്രമേ നടത്താറുള്ളൂ. തീവ്രവാദങ്ങൾക്കെതിരായി ശക്തമായി നിലകൊള്ളുന്ന തർബിയയും ബഹ്‌റൈൻ ഗവർമെന്റും സെന്ററിന്റെ പ്രവർത്തനങ്ങൾ സാകൂതം വീക്ഷിക്കുന്നുണ്ട്. അൽ അൻസാർ സെന്ററിന് തീവ്രവാദ ആശയവുമായോ അതിൽ പെട്ടുപോയവരെ സംരക്ഷിക്കെണ്ടതോ ആയ ഒരു ആവശ്യവുമില്ലെന്നും യോഗം വിലയിരുത്തി. ഇത്തരം വാർത്തകൾ പുറത്തു വിടുന്ന മാധ്യമങ്ങൾ കാര്യങ്ങളുടെ നിജസ്ഥിതി കൂടി അന്വേഷിച്ചിട്ട് വാർത്തകൾ പ്രസിദ്ധീകരിക്കണമെന്നും യോഗം അഭ്യർത്ഥിച്ചു


