“വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണോ” സംവാദം ശ്രദ്ധേയമായി
മനാമ : “വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കണോ” എന്ന വിഷയത്തിൽ ബഹ്‌റൈനിലെ സാമൂഹ്യ രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ അണിനിരന്ന നേർക്കുനേർ സംവാദം ശ്രദ്ധേയമായി. ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ സാഹിത്യ വിഭാഗം സെക്രട്ടറി കെസി ഫിലിപ്പ് സ്വാഗതം പറഞ്ഞു. തുടർന്ന് സമാജം പ്രസിഡന്റ് പിവി രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻകെ വീരമണി, അഡ്വ ജോയ് വെട്ടിയാടാൻ തുടങ്ങിയവർ സംസാരിച്ചു. സംവാദത്തിൽ പങ്കെടുത്ത് ലിവിൻകുമാർ, വിആർ സത്യദേവ്, അഡ്വ. ഷബീർ അഹമ്മദ് തുടങ്ങിയ രാഷ്ട്രീയ സാംസ്ക്കാരിക മാധ്യമ വ്യക്തിത്വങ്ങൾ വിഷയത്തെ അധികരിച്ചു സംസാരിച്ചു.
കാലയത്തിൽ രാഷ്ട്രീയത്തിന്റെ പേരിൽ നടക്കുന്ന അക്രമ സംഭവങ്ങളെയും, നിയമവിരുദ്ധ പ്രവർത്തനങ്ങളെയും കോടതിക്ക് തള്ളിപറയാനും അപലപിക്കാനും അധികാരമുണ്ട്, എന്നാൽ കലാലയങ്ങളിലെ സമാധാനപരമായി നടക്കുന്ന സംഘടനാ പ്രവർത്തനങ്ങളെ അപ്പാടെ നിരോധിക്കാൻ കോടതിക്ക് കഴിയില്ലായെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
ഭരണഘടനാ ഉറപ്പു തരുന്ന അഭിപ്രായ സ്വാതന്ത്രത്തിനും സമാധാനപരമായി സംഘം ചേരാനുമുള്ള അവകാശത്തിന് ഒരു കോടതിക്കും നിയന്ത്രിക്കാനാവില്ലയെന്നും സംവാദത്തിൽ പങ്കെടുത്ത ഭൂരിഭാഗം ആളുകളും ചൂടികാട്ടി.
ചർച്ച പങ്കെടുത്തുകൊണ്ട് ഡി.സലിം, അജിത് മാത്തൂർ, ശിവകിർത്തി, കൃഷ്ണകുമാർ, സജി കെഎസ്, അസീസ്, ബിനു കുന്നന്താനം,മണികണ്ഠൻ, രാമത്ത് ഹരിദാസ്, അനിൽ പിള്ള തുടങ്ങിയവർ സംസാരിച്ചു. അനിൽ വെങ്കോട് മോഡറേറ്ററായിരുന്നു. ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ മുഹമ്മദ് ഇക്ബാൽ, ഫ്രാൻസിസ് കൈതാരത്ത്, ശ്രീജിത്ത്, മഹേഷ്, എംപി രഘു എന്നിവർ സംബന്ധിച്ചു.


