ജി.പി.സെഡ് കന്പനിയെ കരിന്പട്ടികയിൽപ്പെടുത്തിയതായി തൊഴിൽ മന്ത്രാലയം

മനാമ : ബഹ്‌റൈനിലെ പ്രശസ്ത കൺസ്ട്രക്ഷൻ കന്പനിയായ ജി.പി.സെഡ് കന്പനിയെ കരിന്പട്ടികയിൽപ്പെടുത്തിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു. തുച്ഛ ശന്പളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ മുതൽ ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന എഞ്ചിനീയർമാർ വരെയുള്ളവർക്ക് മാസങ്ങളായി ശന്പളം ലഭിക്കുന്നില്ലെന്ന പരാതിയിലാണ് നടപടി. ഈ സാഹചര്യത്തിൽ ഈ സ്ഥാപനത്തിന് ഇനി പുതുതായി തൊഴിലാളികളെ റിക്രൂട്ടു ചെയ്യുവാൻ അനുവാദമുണ്ടായിരിക്കുന്നതല്ലെന്ന് തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി സബാഹ് അൽ ദോസരി അറിയിച്ചു. ശന്പളം ലഭ്യമാക്കാനായി കന്പനിയുടെ ഭാഗത്തുനിന്നും അനുകൂല നടപടകളൊന്നുമില്ലാത്തതിനാലാണ് കർശന നടപടി സ്വീകരിക്കേണ്ടിവന്നതെന്ന് അദ്ദേഹം അറിയിച്ചു.
കഴിഞ്ഞ ദിസവും നൂറോളം പേർ ബഹ്‌റൈ
നിലെ വിവിധ എംബസികളിലെത്തി പരാതി നൽകിയിരുന്നു. മാസങ്ങളോളം ശന്പളം ലഭിക്കാതിരുന്ന ഇവരിൽ ഭൂരിഭാഗവും ജോലി രാജിവെച്ച ശേഷം തങ്ങൾക്ക് ലഭിക്കാനുള്ള ശന്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്ന പ്രതീക്ഷയിൽ കഴിയുകയായിരുന്നു. പിന്നീട് കന്പനിയിൽനിന്ന് ഉത്തരവാദപ്പെട്ടവരാരും ഇതുവരെയും മറുപടി നൽകാത്തതിനെത്തുടർന്ന് ഇന്ത്യ, ഫിലിപ്പൈൻസ്, പാകിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഇവർ തങ്ങളുടെ എംബസികളിലെത്തി പരാതി നൽകുകയായിരുന്നു.
അതേസമയം, മാസങ്ങളായി ശന്പളം ലഭിക്കാതിരുന്ന ഈ സ്ഥാപനത്തിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളുടെ പ്രശ്‌നത്തിൽ ബഹ്‌റൈൻ സർക്കാർ ഇടപെട്ട് ഈയിടെ ശന്പളം ലഭ്യമാക്കിയിരുന്നു. തങ്ങളുടെ കരാർ ജോലികളുടെ തുക സർക്കാരിൽനിന്നും പൊതു മേഖലാ സ്ഥാപനങ്ങളിൽനിന്നും പിരിഞ്ഞുകിട്ടാത്തതിനാലാണ് ശന്പളം മുടങ്ങിയതെന്നായിരുന്നു കൺസ്ട്രക്ഷൻ കന്പനിയുടെ വിശദീകരണം. എന്നാൽ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് തൊഴിലാളികൾക്ക് ശന്പള കുടിശിഖ നൽകുന്നതിലേയ്ക്കായി ഉടനടി 5,00,000 ദിനാർ അനുവദിക്കാൻ ധനകാര്യമന്ത്രാലയം തീരുമാനിക്കുകയും ഇവർക്ക് വീതിച്ചു നൽകുകയുമായിരുന്നു.
ഒരു നേരത്തെ ഭക്ഷണത്തിന് ബുദ്ധിമുട്ടിയിരുന്ന 520 പേർക്ക് ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് വാളണ്ടിയർമാരും മറ്റ് സംഘടനകളും ഭക്ഷണസാധനങ്ങൾ നൽകുകയായിരുന്നു. ഇവർ ഒരു നേരത്തെ ആഹാരത്തിനു പോലും ബുദ്ധിമുട്ടുന്നുവെന്ന വാർത്തയറിഞ്ഞ് നിരവധി പേർ സഹായഹസ്തവുമായി രംഗത്ത് വരുന്നുണ്ടെന്നതാണ് ഏക ആശ്വാസം. പിന്നീട് മൈഗ്രന്റ് വർക്കേഴ്‌സ് പ്രൊട്ടക്ഷൻ സൊസൈറ്റി ഭാരവാഹികൾ ലേബർ ക്യാന്പിലെത്തി ഇവർക്ക് ഭക്ഷണം നൽകിയിരുന്നു. ഈ സ്ഥാപനത്തിലെ തൊഴിലാളികൾ ജാഥയായി തൊഴിൽ മന്ത്രാലയത്തിലേയ്ക്ക് പ്രതിഷേധ പ്രകടനം നടത്തുകയും മന്ത്രാലയത്തിൽ പരാതി നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞ നവംബർ മാസം മുതലാണ് ശന്പളം മുടങ്ങിയിരിക്കുന്നത്. തങ്ങളുടെ മുടങ്ങിപ്പോയ ശന്പളം എങ്ങിനെയെങ്കിലും ലഭ്യമാക്കി തങ്ങളെ നാട്ടിലയക്കണമെന്നായിരുന്നു ഈ തൊഴിലാളികളുടെ ആവശ്യം. എന്നാൽ തങ്ങൾ കരാർ ഏറ്റെടുത്തു നിർമ്മാണം പൂർത്തീകരിച്ച നിരവധി പ്രൊജക്ടുകളുടെ പണം ഇനിയും ലഭിക്കാനുണ്ടെന്നും അതുമൂലം മാത്രമാണ് ശന്പളം നൽകാനാവാത്തതെന്നുമാണ് കന്പനി അധികൃതരുടെ ഭാഷ്യം. ലക്ഷക്കണക്കിന് ദിനാറാണ് ഇത്തരത്തിൽ മുടങ്ങിക്കിടക്കുന്നത്. ഈ തുക പിരിഞ്ഞുകിട്ടുന്ന മുറയ്ക്ക് ശന്പളം ലഭ്യമാക്കുമെന്ന് കന്പനിയധികൃതർ പറയുന്നു. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് രാജ്യങ്ങളിൽനിന്നുള്ള തൊഴിലാളികളാണേറെയും. ബഹ്‌റൈനിലെ പല സ്ഥാപനങ്ങളിലും ഇതുതന്നെയാണ് ഗതി. നിരവധി തൊഴിലാളികൾ ശന്പളം ലഭിക്കാതെ നരകയാതനയിലാണ്.