100 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടന്നാൽ മത്സരിക്കും: കമൽഹാസൻ

ശ്രീനഗർ : അടുത്ത നൂറ് ദിവസങ്ങൾക്കുള്ളിൽ തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ താൻ മത്സര രംഗത്തുണ്ടാകുമെന്ന് കമൽ ഹാസൻ പറഞ്ഞു. അതേസമയം നിലവിലുള്ള ഏതെങ്കിലും പാർട്ടികളുമായി ചേർന്ന് ഒരു രാഷ്ടീയ പ്രവേശനത്തിന് ഉദ്ദേശമില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയ പാർട്ടികളുമായും സഹകരിക്കും. എന്നാൽ ആരുമായും സഖ്യമുണ്ടാക്കുകയോ ചേർന്ന് പ്രവർത്തിക്കുകയോ ചെയ്യില്ല, ഒറ്റയ്ക്ക് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്‌നാട്ടിലെ നിലവിലെ അവസ്ഥ നിർബന്ധിച്ച് കല്യാണം കഴിപ്പിച്ച പെൺകുട്ടിയുടേത് പോലെയാണ്. അവർ ആ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ ഒരു മത്സരമുണ്ടായാൽ താൻ മത്സരിക്കുമെന്ന് കമൽഹസൻ വ്യക്തമാക്കി.
ഇതിനിടെ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് രജനീകാന്തുമായി ആഴ്ചകൾക്ക് മുന്പ് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരേ ലക്ഷ്യമുള്ളവരാണ് തങ്ങൾ രണ്ടുപേരും. അഴിമതിക്കും ദുർഭരണത്തിനും എതിരെ തങ്ങൾക്കിരുവർക്കും ഒരേ നിലപാടാണ്. വ്യത്യസ്തമായ വഴിയാണ് താൻ പോരാട്ടത്തിനായി തിരഞ്ഞെടുക്കുക. രജനിക്ക് മറ്റൊരു വഴിയാകാം. അതിനെ കുറിച്ച് കൂടുതൽ ചർച്ച ചെയ്തിട്ടില്ലെന്നും കമൽ പറഞ്ഞു. വർഗീയ ശക്തികൾക്കെതിരെ ശക്തമായ ചെറുത്തുനിൽപ്പ് ആവശ്യമാണെന്ന് പറയുന്ന കമലഹാസൻ മതേതര നിലപാടുകളാണ് ഉയർത്തിപ്പിടിക്കുന്നത്. അഭിപ്രായസ്വാത്വന്ത്യ്രത്തെ അടിച്ചമർത്തുന്ന നിലപാടാണ് മോഡി സർക്കാരിന്റെതെന്നും കമൽഹാസൻ അഭിപ്രായപ്പെട്ടു. എ.ഐ.എ.ഡി.എം.കെയിലെ ആഭ്യന്തര കലഹത്തിൽ തനിക്ക് താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ പിണറായി വിജയനുമായും കഴിഞ്ഞ ദിവസം അരവിന്ദ് കേജിവാളുമായും കമൽ ഹാസൻ കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് കമൽ ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന വ്യക്തമായ സൂചനകൾ രജനികാന്തും അടുത്തിടെ നൽകിയിട്ടുണ്ട്.