രാഷ്ട്രീയക്കാരുടെ സ്ഥാനം സിവിൽ സർവ്വീസുകാർ ഏറ്റെടുക്കേണ്ടതില്ല : ലിപിൻരാജ് ഐ.എ.എസ്

രാജീവ് വെള്ളിക്കോത്ത്
മനാമ : രാഷ്ട്രീയക്കാരുടെ സ്ഥാനം സിവിൽ സർവ്വീസുകാർ ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്ന് പ്രമുഖ മലയാളി ഐ.എ.എസ് ഓഫീസർ ലിപിൻരാജ് അഭിപ്രായപ്പെട്ടു. പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘വാക്ക് വിത്ത് എ സിവിൽ സർവ്വന്റ്’ എന്ന പരിപാടിയിൽ സംബന്ധിക്കാൻ ബഹ്റൈനിൽ എത്തിയതായിരുന്നു അദ്ദേഹം. നമ്മുടെ വ്യവസ്ഥിതിയിൽ പ്രശസ്തി ആഗ്രഹിക്കുന്നതും, അത് ലഭിക്കേണ്ടതും രാഷ്ട്രീയക്കാർക്കാണെന്നും, രാഷ്ട്രീയക്കാർ മാറി മാറി വരുന്പോൾ അവിടെ നിലനിൽക്കുന്ന ഗവൺമെന്റ് എന്ന പെർമെനന്റ് മിഷിനറിയുടെ ഭാഗമാണ് തങ്ങളെന്ന് മനസിലാക്കി വേണം സിവിൽ സർവ്‍വീസ് ജീവനക്കാർ പ്രവർത്തിക്കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ മെട്രോ മാൻ എന്ന് അറിയപ്പെടുന്ന ഇ. ശ്രീധരൻ ഒരു മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പാന്പൻ പാലവും, മെട്രോയുമടങ്ങുന്ന പദ്ധതികൾ അദ്ദേഹത്തിന്റെ ബുദ്ധി കേന്ദ്രത്തിൽ നിന്ന് ഉണ്ടായതാണെന്ന കാര്യം അത് നിർമ്മിക്കപ്പെട്ടതിന് ശേഷമാണ് അറിയുന്നത്. അതാണ് അതിന്റെ ശരിയെന്നും ലിപിൻരാജ് പറഞ്ഞു.
പരന്ന വായനയും ലക്ഷ്യ ബോധവും ഉണ്ടെങ്കിൽ സാധാരണക്കാർക്ക് പോലും എത്തിപ്പിടിക്കാവുന്ന ഒരു മേഖലയാണ് സിവിൽ സർവ്വീസ് എന്നും ഇന്ന് മലയാളത്തിൽ തന്നെ പരീക്ഷ എഴുതുവാനും ഇതുമായി ബന്ധപ്പെട്ടുള്ള അഭിമുഖങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ ഈ മേഖലയിൽ ഉണ്ടെന്നും ഇന്ത്യൻ റെയിൽവേയിൽ റെയിൽവേ ഡിവിഷണൽ പെഴ്‌സണൽ ഓഫീസറുടെ ചുമതല വഹിക്കുന്ന ലിപിൻരാജ് ഐ.എ.എസ് പറഞ്ഞു. ഇപ്പോൾ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ പൂർണ്ണമായും സൗജന്യമായി സിവിൽ സർവ്വീസ് പരീക്ഷകൾക്ക് തയ്യാറെടുപ്പിക്കുന്നതിനുള്ള ഉദ്യമംകൂടി അദ്ദേഹം ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഓരോ ജില്ലയിൽ നിന്നുമുള്ള 30 വീതം കുട്ടികളെയാണ് ഡൽഹി ആസ്ഥാനമായുള്ള ‘ഐ ഹാവ് എ ഡ്രീം’ എന്ന കന്പനിയുടെ സഹായത്തോടെ പരിശീലനം നടത്തുന്നത്. ഗൾഫ് രാജ്യങ്ങളിലും അതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ നടത്തുന്നതെന്നും ഇത്തരം പരിപാടികളിൽ നിന്ന് ലഭിക്കുന്ന വരുമാനവും കേരളത്തിൽ നിന്നുള്ള കുട്ടികളുടെ പരിശീലനത്തിനാണ് ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
2012 ബാച്ചിലെ സിവിൽ സർവ്‍വീസ് പരീക്ഷയിൽ മൊത്തം വിഷയങ്ങളും മലയാളത്തിൽ എഴുതി റാങ്ക് നേടിയാണ് ലിപിൻ രാജ് ഐ.എ.എസ് കരസ്ഥമാക്കിയത്. മലയാളത്തിൽ സിവിൽ സർവ്‍വീസ് പരീക്ഷ എഴുതുന്ന ആദ്യത്തെ ആളും ലിപിൻരാജാണ്. പ്ലസ്−ടുവിൽ മലയാളത്തിൽ നൂറിൽ നൂറ് മാർക്ക്, മാസ് കമ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ മാർ ഇവാനിയോസ് കോളേജിൽ നിന്ന് രണ്ടാം റാങ്കോടെ ജയം, തുടർച്ചയായി മൂന്ന് തവണ കേരള യൂണിവേഴ്‌സിറ്റി കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനം, ലേഖന വിഭാഗത്തിൽ രണ്ട് തവണ ഒന്നാം സ്ഥാനം, ഐക്യരാഷ്ട്ര സംഘടനയും യൂണിസെഫും ചേർന്ന് ഏർപ്പെടുത്തിയ 2009−ലെ യുവനേതൃത്വ അന്താരാഷ്ട്ര അവാർഡ് ജേതാവ്, മൂന്ന് തവണ യുവദീപം കഥാപുരസ്‌കാരം, ബാലജനസഖ്യം മുൻഭാരവാഹി തുടങ്ങി നിരവധി നേട്ടങ്ങളും അംഗീകരങ്ങളും നേടിയ വ്യക്തി കൂടിയാണ് ലിപിൻരാജ് ഐ.എ.എസ്. പത്തനംതിട്ട ജില്ലയിലെ നാരങ്ങാനം സ്വദേശിയായ ഇദ്ദേഹം ആനുകാലികങ്ങളിൽ ചെറുകഥകളും ലേഖനങ്ങളും എഴുതുന്നുണ്ട്. ഐ.എ.എസ് ലഭിക്കുന്നതിന് മുന്‍പ് സിറാജ് ദിനപത്രം, എസ്.ബി.ടി, ഐ.ഡി.ബി.ഐ ബാങ്ക് എന്നിവിടങ്ങളിലും ജോലി ചെയ്തിരുന്നു.
ഇന്ന് വൈകീട്ട് 7:30 മുതൽ 9 മണി വരെ കെ.സി.എ ഹാളിൽ വെച്ച് ‘വാക്ക് വിത്ത് എ സിവിൽ സർവെന്റ്’ എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായും അദ്ദേഹം സംവദിക്കും. നാളെ വൈകുന്നേരം 6 മണി മുതൽ 7:30 വരെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന വിഷയങ്ങളെക്കുറിച്ചും പഠന രീതികളെപ്പറ്റിയുമുള്ള വിവരണവും വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും നടക്കും. സപ്തംബർ 23ന് (ശനിയാഴ്ച) മുൻകൂട്ടി അനുമതി വാങ്ങിയവർക്ക് അദ്ദേഹവുമായി സംസാരിക്കാനുള്ള അവസരവുമുണ്ടാകുമെന്ന് സംഘാടകർ അറിയിച്ചു.