ഒ.ഐ.സി.സി പാലക്കാട് ഫെസ്റ്റ്- 2017 നാളെ

മനാമ: ഒ.ഐ.സി.സി പാലക്കാട് ജില്ലാ കമ്മിറ്റി ഈദ് - ഓണം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘പാലക്കാട് ഫെസ്റ്റ്’ സപ്തംബർ 21ന് (വ്യാഴാഴ്ച) ബാങ്സാങ് തായ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പാലക്കാട് എം.എൽ.എ ഷാഫി പറന്പിൽ ഉദ്ഘാടനം ചെയ്യും. ഇറാം ഗ്രൂപ്പ് ചെയർമാൻ ഡോ. സിദ്ദിഖ് അഹമ്മദ് ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. അന്നേദിവസം വൈകീട്ട് 7 മണിക്ക് രാജീവ് വെള്ളിക്കോത്തും സംഘവും നയിക്കുന്ന ‘മേഘ മൽഹാർ’ എന്ന പേരിൽ സംഗീത വിരുന്നും ഉണ്ടായിരിക്കും.
പ്രവാസ ലോകത്ത് മികവ് തെളിയിച്ച പാലക്കാട് നിവാസികളായ വ്യക്തികൾക്ക് ‘എക്സലൻസ്’ അവാർഡുകൾ ചടങ്ങിൽ െവച്ച് സമ്മാനിക്കും. ബ്രോഡൻ കോൺട്രാക്ടിംഗ് കന്പനിയുടെ എം.ഡി ഡോ. കെ.എസ് മേനോൻ (ബിസിനസ്), വിവേക് മോഹൻദാസ് −ചാർട്ടേഡ് അക്കൗണ്ടന്റ് (എ.വി.പി) എന്നിവർക്കാണ് എക്‌സലൻസ് അവാർഡുകൾ സമ്മാനിക്കുന്നത്.
അവാർഡുകൾ ഷാഫി പറന്പിൽ എം.എൽ.എ സമ്മാനിക്കും. അമാദ് ഗ്രൂപ്പ് എം.ഡി പന്പാവാസൻ നായർ ചടങ്ങിൽ സംബന്ധിക്കും.
മികച്ച കായിക താരമായി തിരഞ്ഞെടുക്കപ്പെട്ട നിഖിത വിനോദ്, പ്രവാസ ലോകത്തെ മികച്ച സാമൂഹ്യ − സാംസ്ക്കാരിക സംഘടനയായി തിരഞ്ഞെടുക്കപ്പെട്ട പാലക്കാട് അസോസിയേഷൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഷാഫി പറന്പിൽ എം.എൽ.എയുടെ നേതൃത്വത്തിലുള്ള സ്മാർട്ട് പാലക്കാടും ഒ.ഐ.സി.സി പാലക്കാട് ജില്ലാ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന നിരവധി ചാരിറ്റി പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും വിതരണവും ചടങ്ങിൽ ഉണ്ടായിരിക്കുന്നതാണ്.
പാലക്കാട് ഫെസ്റ്റിൽ പങ്കെടുക്കാനെത്തുന്നവർക്ക് വേണ്ടി അൽ ഹിലാൽ ഹോസ്പ്പിറ്റലുമായി സഹകരിച്ചുകൊണ്ട് വ്യഴാഴ്ച്ച വൈകീട്ട് 4:30 മുതൽ 7:30 വരെ പ്രോഗ്രാം നടക്കുന്ന ഹാളിൽ സൗജന്യ മെഡിക്കൽ ക്യാന്പും സഘടിപ്പിക്കുന്നുണ്ട്.
വാർത്താസമ്മേളനത്തിൽ ജില്ലാപ്രസിഡണ്ട് ജോജി ലാസർ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സൽമാനുൽ ഫാരിസ് സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി ഗ്ലോബൽ ജനറൽ സെക്രട്ടറി രാജു കല്ലുംപുറം, ദേശീയ പ്രസിഡണ്ട് ബിനു കുന്നന്താനം, ദേശീയ സെക്രട്ടറി ഷാജി പുതുപ്പള്ളി, പ്രോഗ്രാം ജനറൽ കൺവീനർ നിസാർ കുന്നംകുളത്തിങ്ങൽ, ജില്ലാസെക്രട്ടറി ഷാജി ജോർജ്, യൂത്ത് വിങ് ജനറൽ സെക്രട്ടറി ലിജോ പുതുപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ജില്ലാസെക്രട്ടറി അനസ് നന്ദി പറഞ്ഞു.