നവജാത ശിശുക്കൾക്ക് എൻട്രി വിസ അനുവദിക്കുന്നതിന് കർശന നിബന്ധനകൾ

റിയാദ് : വിദേശങ്ങളിൽ ജനിക്കുന്ന നവജാത ശിശുക്കൾക്ക് സൗദിയിൽ എൻട്രി വിസ അനുവദിക്കുന്നതിന് നിബന്ധനകൾ കർശനമാകുന്നു. ഇത് സംബന്ധിച്ച നിബന്ധനകൾ പാസ്പോർട്ട് വകുപ്പ് വ്യക്തമാക്കി. സൗദിയിലേക്ക് പ്രവേശിക്കുന്ന വിമാനത്താവളങ്ങൾ, തുറമുഖം, കരാതിർത്തി ചെക് പോയിന്റുകൾ എന്നിവിടങ്ങളിൽ നവജാത ശിശുക്കൾക്ക് എൻട്രി വിസ അനുവദിക്കും. ഇത്തരത്തിൽ വിസ നേടുന്നതിന് നവജാതശിശുവിന് പാസ്പോർട്ട് ഉണ്ടായിരിക്കണം.
മാതാപിതാക്കൾ സൗദിയിൽ കഴിയുന്നതിന് വിസ നേടിയവരായിരിക്കണം. ഭർത്താവിന്റെ സ്പോണ്സർഷിപ്പിൽ ആശ്രിത വിസയിലായിരിക്കണം ഭാര്യ എന്നും വ്യവസ്ഥ ഉണ്ട്. സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളുടെ സ്പോൺസർ ഷിപ്പിലാണ് ഭാര്യയെങ്കിൽ നവജാതശിശുക്കൾക്ക് ഓൺ അറൈവൽഎൻട്രി വിസ ലഭിക്കില്ലെന്നും പാസ്പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു. പ്രസവത്തിനായി മാതൃരാജ്യങ്ങളിലേക്ക് പോകുന്ന സൗദിയിലെ വനിതാ ജീവനക്കാർക്ക് പുതിയ നിയമം തിരിച്ചടിയാണ്. ഇന്ത്യൻ നഴ്സുമാർമാത്രം വർഷം നൂറിലധികം നവജാത ശിശുക്കളുമായി എൻട്രി വിസ നേടുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. സൗദിയിൽ ആയിരക്കണക്കിന് നഴ്സുമാരാണ് സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ജോലി ചെയ്യുന്നത്. ഇവർ ഭർത്താവിനൊപ്പമാണ് താമസിക്കുന്നതെങ്കിലും സ്പോൺസർഷിപ്പ് ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ പേരിലായിരിക്കും.