ബഹ്റൈനെ അട്ടിമറിക്കാൻ ഖത്തർ ശ്രമിച്ചതായി ആരോപണം
മനാമ : ഗൾഫ് രാജ്യങ്ങളിൽ അക്രമാത്മക പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നതിൽ ഖത്തറിന്റെ പങ്ക് വെളിപ്പെടുത്തുന്ന പുതിയ തെളിവുകൾ ബഹ്‌റൈൻ ടെലിവിഷൻ പുറത്തുവിട്ടു. 2011 ഫെബ്രുവരി, മാർച്ച് മാസങ്ങളിലുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഖത്തർ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനകളാണ് ‘ചോർന്ന സംഭാഷണം’ എന്ന പേരിൽ ചാനൽ പുറത്തുവിട്ടത്.
മുൻ ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഹമദ് ബിൻ ജാസിം ബിൻ ജാബർ അൽ താനി, നിരോധിത സംഘടനയായ അൽ വാഫഖ് ഇസ്ലാമിക് സൊസൈറ്റി ജനറൽ സെക്രട്ടറി അലി സൽമാനുമായി 2011ൽ ബന്ധപ്പെടുകയും, തെരുവിൽ പ്രതിഷേധ പ്രകടനങ്ങൾ സൃഷ്ടിച്ച് ഗവൺമെന്റിന് സമ്മർദ്ദം ചെലുത്താൻ ആവശ്യപ്പെടുകയും ചെയ്തു. ബഹ്‌റൈനിൽ പെനിൻസുല ഷീൽഡ് ഫോഴ്സ് ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ജി.സി.സി രാഷ്ട്രങ്ങൾക്കുമേൽ സമ്മർദ്ദം ചെലുത്താൻ ഖത്തർ ശ്രമിക്കുമെന്ന് ടേപ്പിൽ സൽമാനോട് അൽതാനി പറയുന്നതും പുറത്ത് വിട്ടിട്ടുണ്ട്. ബഹ്‌റൈൻ ന്യൂസ് ഏജൻസി (ബിഎൻഎ) വാർത്ത പുറത്തുവിട്ടതിനെത്തുടർന്ന് ഫോൺ കോളുകളുടെ പരന്പരയെക്കുറിച്ച് അന്വേഷണം നടത്താൻ പബ്ലിക് പ്രോസിക്യൂട്ടർ അലി ബിൻ ഫദൽ അൽ ബുഹൈനോട് കോടതി ഉത്തരവിട്ടുണ്ട്.
ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പേരിൽ 2016ൽ കോടതി അൽ വാഫഖിനെ പിരിച്ചുവിടുകയും സൽമാനെ 2014 മുതൽ തടവിലാക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജൂൺ മുതൽക്ക് സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളോടൊപ്പം ബഹ്‌റൈൻ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിച്ചിരുന്നു.

