വ്യാജന്മാരെ പിടികൂടാൻ ആരോഗ്യവകുപ്പ്

മനാമ: ബഹ്റൈനിലെ ആരോഗ്യമേഖലയിൽ ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന ഡോക്ടർമാരെ പിടികൂടുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. നാഷണൽ ഹെൽത്ത് അതോറിറ്റിയുടെ അനുവാദമില്ലാതെ ഏതെങ്കിലും സ്വകാര്യ ആശുപത്രികളിൽ ഇത്തരം ആരോഗ്യ വിദഗ്ദ്ധർ പ്രവർത്തിക്കുന്നുണ്ടെങ്കിൽ കർശനമായ നടപടികളെടുക്കും. ഇത്തരം ആളുകളെ ഒഴിവാക്കാൻ ഒരു മാസത്തെ സമയമാണ് ഇന്നലെ എൻഎച്ച്ആർഎ നൽകിയ ഉത്തരവിൽ പറഞ്ഞിട്ടുള്ളത്. ലൈസൻസിനായി അപേക്ഷ കൊടുത്തവർക്കും ജോലി ചെയ്യാൻ സാധ്യമല്ലെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വരുന്ന ദിവസങ്ങളിൽ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും പരിശോധന ശക്തമാക്കും.