ഫേസ് ബുക്ക് ചാറ്റിൽ പണി കിട്ടി പ്രവാസി യുവാക്കൾ

മനാമ: ഓൺലൈൻ ഇടങ്ങളിൽ ചാറ്റിങ്ങിനൊപ്പം തന്നെ ചീറ്റിങ്ങുകളും ഏറുന്നതായി പരാതി. മുന്പും ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ ഏറെ വന്നിട്ടു പോലും പ്രവാസികളായ യുവാക്കൾ ഇത്തരം കെണികളിൽ പെട്ടുപോകുന്ന സംഭവങ്ങൾ ഏറുകയാണ്. ഇവർ ഓൺലൈനിലൂടെ നടത്തുന്ന ചാറ്റിങ്ങ് റെക്കോഡ് ചെയ്ത് പിന്നെ അത് കാണിച്ച് ഭീഷണിപ്പെടുത്തുകയാണ് ഇതിന്റെ രീതി. കൂടുതലായും ഫിലിപ്പീനോ സ്വദേശിനികളാണ് ഇത്തരമൊരു ഭീഷണിയുമായി രംഗത്ത് എത്തിയിട്ടുള്ളത്. തുടക്കത്തിൽ തമാശ എന്ന തരത്തിലാണ് ഓൺലൈൻ ചാറ്റിങ്ങ് തുടങ്ങുന്നതെങ്കിലും പിന്നീട് എല്ലാം തുറന്ന് പറഞ്ഞും കാണിച്ചുമുള്ള ചാറ്റിങ്ങിലേയ്ക്ക് അവയെത്തുന്നു. യുവതികൾ അർദ്ധ നഗ്നത കാട്ടുന്പോൾ മലയാളികളായ പുരുഷന്മാർ ആവേശം കൊണ്ട് പൂർണ്ണ നഗ്നത കാട്ടുകയും ഓൺലൈൻ സെക്സിൽ ഏർപ്പെടുകയും ചെയ്യുന്നു. ഒടുവിൽ പണം മാത്രമല്ല മാനവും പോകുന്നു.
സാങ്കേതിക വിദ്യ ഉപയോഗിച്ച് മോർഫ് ചെയ്ത് മുഖവും ശരീരവും കൂട്ടിവെച്ച് ബ്ലാക്ക് മെയിൽ ചെയ്യുന്നവരും സജീവമാണ്. ഇവർ ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ എഡിറ്റ് ചെയ്തതോ അല്ലാത്തതോ ആയ സ്വകാര്യ ദൃശ്യങ്ങളടങ്ങിയ വീഡിയോ ഫേസ്ബുക് സുഹൃത്തുക്കൾക്കും മറ്റും അയച്ചുകൊടുക്കുമെന്നാണ് പ്രധാന ഭീഷണി. ചെറിയ ശന്പളത്തിൽ ജോലി ചെയ്യുന്ന യുവാക്കൾ ഇതോടെ കടുത്ത മാനസിക സമ്മർദ്ധത്തിലാകുന്നു. കൊള്ള പലിശക്ക് വരെ കടമെടുത്ത് ഈ ഭീഷണികൾക്ക് വശംവദരാകുന്നവരും ബഹ്റൈൻ അടക്കമുള്ള രാജ്യങ്ങളിലുണ്ട്. ഫേസ്ബുക്കാണ് ഈ ഭീഷണികളുടെ പ്രധാന ഇടം. യുവതികളുടെ ചിത്രങ്ങളുള്ള ഐ.ഡികളിൽ നിന്നുള്ള ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചാൽ പിന്നെ ചാറ്റിങ്ങ് തുടങ്ങുകയായി. ഇരയുടെ കുടുംബവിവരങ്ങളും സുഹൃത്തുക്കളുടെ വിവരങ്ങളുമടക്കം എല്ലാം ചോദിച്ച് മനസ്സിലാക്കും. തുടർന്ന് വിഡിയോ ചാറ്റിനായി ക്ഷണിക്കുകയാണ് ചെയ്യുക. ചാറ്റിങ്ങിനിടെയാണ് യുവതി ശരീരഭാഗങ്ങൾ തുറന്നുകാണിച്ചു തുടങ്ങുന്നത്. ഇങ്ങിനെ വിശ്വാസ്യത നേടിയതിന് ശേഷം ഇതേ കാര്യങ്ങൾ ഇരയോടും ആവശ്യപ്പെടും. അതാണ് റെക്കോർഡ് ചെയ്യപ്പെടുന്നത്.
ഇതിനിടെ ബഹ്റൈനിൽ താമസിക്കുന്ന ഒരു യുവാവിന് ഇത്തരം ഒരു അബദ്ധത്തിൽ പെട്ടതിനെ തുടർന്ന് ഫിലിപ്പൈൻസിലേയ്ക്ക് പണം ട്രാൻസ്ഫർ ചെയ്യേണ്ടി വന്നുവത്രെ. പക്ഷെ പണം കൊടുത്ത് രഹസ്യമായി ഒത്തു തീർത്തിട്ടും യുവതി പിന്നെയും വേട്ടയാടുന്നു എന്നാണ് ഇദ്ദേഹത്തിന്റെ പരാതി. അതേസമയം തന്റെ വീഡിയോ മോർഫ് ചെയ്ത് ഭീഷണിപ്പെടുത്താൻ ശ്രമിച്ച ഫിലിപ്പീനി യുവതിയെ ഫേസ് ബുക്കിൽ നിന്ന് തന്നെ പുറത്താക്കി ആ വിവരം സുഹൃത്തുക്കളെ ധൈര്യപൂർവ്വം അറിയിക്കുന്ന യുവാക്കളും ഇവിടെയുണ്ട്.