ബംഗ്ലാദേശ് പൗരന്‍മാരുടെ എണ്ണം വർദ്ധിക്കുന്നു

മനാമ: ബഹ്റൈനിലേയ്ക്ക് എത്തുന്ന ബംഗ്ലാദേശ് പൗരന്‍മാരുടെ എണ്ണത്തിൽ 114 ശതമാനം വർദ്ധനവുണ്ടെന്ന് അധികൃതർ വ്യക്തമാക്കുന്നു. 2016ൽ മാത്രം 1,12,334 ബംഗ്ലാദേശ് പൗരമാരാണ് ബഹ്റൈൻ വിമാനത്താവളത്തിലെത്തിയത്. 2015ൽ ഇത് വെറും 52413 ആയിരുന്നു. ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയങ്ങൾ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് താമസിക്കുന്ന എഴുപതിനായിരത്തോളം അനധികൃത താമസക്കാരിൽ മഹാഭൂരിഭാഗം പേരും ബംഗ്ലാദേശിൽ നിന്നുള്ളവരാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബംഗ്ലാദേശ് പൗരമാരെ കൂടാതെ ചൈന, എതോപ്യ എന്നിവടങ്ങളിൽ നിന്നും സാധാരണയിൽ കവിഞ്ഞുള്ള ആളുകൾ കഴിഞ്ഞ വർഷം ബഹ്റൈനിലെത്തിയുട്ടുണ്ട്. 67412 ചൈനീസ് സ്വദേശികളാണ് 2016ൽ ബഹ്റൈനിലെത്തിയതെങ്കിൽ 15989 പേരാണ് എതോപ്യയിൽ നിന്ന് ഇവിടെ വന്നിരിക്കുന്നത്. ഇത് രണ്ടും മുൻവർഷത്തെക്കാൾ മുപ്പത് ശതമാനം അധികമാണ്. ആകെ 8.7 ലക്ഷം പേരാണ് 2016ൽ ബഹ്റൈൻ വിമാനത്താവളത്തിന്റെ സൗകര്യം ബഹ്റൈനിലെത്താനും, അതു പോലെ ട്രാൻസിറ്റിനായും ഉപയോഗപ്പെടുത്തിയത്.