തൊഴിലാളികളുടെ സുരക്ഷ പ്രധാനം : സബാ അൽ ദോസരി

മനാമ : ബഹ്‌റൈൻ സാമൂഹ്യ, തൊഴിൽ ക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ രാജ്യങ്ങളുടെ എംബസികളുടെ സഹകരണത്തോടെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ െവച്ച് ഉച്ച വിശ്രമ നിയമ സെമിനാർ സംഘടിപ്പിച്ചു. തൊഴിലിടങ്ങളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിനും കടുത്ത ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ കരുതേണ്ട മുൻ കരുതലുകളെപ്പറ്റിയും ആരോഗ്യ വിദഗ്ദ്ധരും തൊഴിൽ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും ക്ലാസെടുത്തു. ദ്വിഭാഷികളുടെ സഹായത്തോടെ എല്ലാ രാജ്യത്തുള്ള തൊഴിലാളികൾക്കും മനസ്സിലാക്കാവുന്ന തരത്തിലായിരുന്നു സെമിനാർ. തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം അണ്ടർ സെക്രട്ടറി സബാ അൽ ദോസരി തൊഴിലാളികളെ അഭിസംബോധന ചെയ്തു സംസാരിച്ചു.
രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിൽ പങ്കാളികളായ തൊഴിലാളികൾ രാജ്യത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടു തന്നെ അവരുടെ സുരക്ഷ എന്നത് തങ്ങളുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 4 മണി വരെയുള്ള സമയത്ത് ഒരു തൊഴിലാളിയെയും തുറന്ന സ്ഥലങ്ങളിൽ ജോലി ചെയ്യിപ്പിക്കരുതെന്നും മന്ത്രാലയം നിഷ്കർഷിക്കുന്ന എല്ലാ സുരക്ഷിതത്വവും ഉറപ്പാക്കാൻ തൊഴിലുടമകളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചവിശ്രമം നൽകാതെ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന കന്പനികൾക്കെതിരെ കർശനമായും നടപടികളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് തൊഴിലാളികൾക്ക് വേണ്ടുന്ന ആരോഗ്യ പരിപാലനത്തെപ്പറ്റി ആരോഗ്യ മന്ത്രാലയത്തിലെ ഹെൽത്ത് പ്രമോഷൻ സ്പെഷ്യലിസ്റ്റ് അലി ഹസ്സൻ അൽറാദി ക്ലാസെടുത്തു. വേനൽക്കാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടുന്ന ആവശ്യകതയെപ്പറ്റി അദ്ദേഹം സംസാരിച്ചു. വേനൽക്കാലത്ത് വെള്ളം ഏറ്റവുമധികം മലിനപ്പെടാൻ സാധ്യതയുള്ളതിനാൽ, തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ പരമാവധി ശ്രമിക്കണം. അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക, കൂടുതൽ വിയർക്കുന്ന തൊഴിലിൽ ഏർപ്പെടുന്നവർ അതിനനുസരിച്ച് വെള്ളം കുടിച്ചുകൊണ്ടിരിക്കണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ഇന്ത്യ, പാക്കിസ്ഥാൻ, നേപ്പാൾ, ഫിലിപ്പീൻസ് എംബസി പ്രതിനിധികളും ചടങ്ങിൽ സംബന്ധിച്ചിരുന്നു. എൽ.എം.ആർ.എയുടെ നിയമങ്ങൾ വിശദമാക്കുന്ന ലഘു ലേഖകളും ചടങ്ങിൽ വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ച് ബഹ്‌റൈനിലെ വിവിധ ആശുപത്രികളുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാന്പും സംഘടിപ്പിച്ചിരുന്നു.