എയ്സ്തെറ്റിക്ക് ഡസ്ക് വായനാനുഭവം പങ്കുവെച്ചു

മനാമ: എയ്സ്തെറ്റിക്ക് ഡസ്ക്കിന്റെ ആഭിമുഖ്യത്തിൽ സമകാലീന വായനയിലെ ശ്രദ്ധേയമായ മൂന്ന് പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും അവയുടെ വായനാനുഭവം പങ്കുവെയ്ക്കുകയും ചെയ്തു. അരുന്ധതി റോയിയുടെ ‘മിനിസ്ട്രി ഒാഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്’ ഇ.എ സലിമും സവ്റ്റ്ലാന അലെക്സിയോവിച്ചിന്റെ ‘ചെർണോബിൽ പ്രയർ’ അനിൽ വേങ്കോടും ദീപക് ഉണ്ണികൃഷ്ണന്റെ ‘ടെന്പററി പീപ്പിൾ’ കൃഷ്ണകുമാറുമാണ് പരിചയപ്പെടുത്തിയത്.
മിനിസ്ട്രി ഒാഫ് അറ്റ്മോസ്റ്റ് ഹാപ്പിനെസ്സ് എന്ന നോവലിലൂടെ അരുന്ധതി തന്റെ ആക്ടിവിസ്റ്റ് ജീവിതത്തെ പൂരിപ്പിക്കുകയാണ് ചെയ്തതെന്ന് ഇ.എ സലിം പറഞ്ഞു. സമകാലീന ഇന്ത്യയുടെയും ലോകത്തിന്റെയും സാഹചര്യത്തിൽ നമ്മൾ ആരോടൊപ്പം നിൽക്കണം എന്ന ചിന്ത ഈ പുസ്തകം ഉണർത്തുന്നുണ്ട്. മുഖ്യധാരയിൽ നിന്ന് ഉപേക്ഷിക്കപ്പെട്ടവരുടെയും ആർക്കും വേണ്ടാത്തവരുടെയും ഒരു സമാന്തര ലോകമാണ് നോവൽ നമ്മുടെ മുന്നിൽ തുറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
1986ലെ ചെർണോബ് ആണവ റീയാക്ടർ പൊട്ടിത്തെറിച്ചതിന്റെ ദുരിതാനുഭവങ്ങളാണ് ‘ചെർണോബിൽ പ്രയർ’ എന്ന നോബൽ സമ്മാനം നേടിയ പുസ്തകം നമ്മെ അനുഭവിപ്പിക്കുന്നതെന്ന് അനിൽ വേങ്കോട് പറഞ്ഞു. ദുരിതം അനുഭവിച്ചവരുടെ ഓർമ്മകളെ അതേ തീവ്രതയിൽ കോർത്തിണക്കുക മാത്രമാണ് അലെക്സിയോവിച്ച് ചെയ്തത്. പക്ഷേ നാം വായിച്ചിട്ടുള്ള ഏതൊരു ഫിക്ഷനിലും അനുഭവിക്കുന്നതിനേക്കാളും വലിയ ദുഃഖത്തിന്റെ ആഴക്കടലിലേക്ക് എടുത്തെറിയുന്ന ഒരു എഴുത്താണ് ഈ പുസ്തക വായന അനുഭവിപ്പിക്കുന്നത്.
സോവിയറ്റ് യൂണിയൻ തകർന്ന് പുതിയ വ്യവസ്ഥയും ഭരണവും വന്നിട്ടും കമ്മ്യൂണിസ്റ്റ് ഭരണം ഒളിപ്പിച്ച് വെച്ച ഒരു രേഖയും പുറത്തുവിടാൻ ഇതുവരെ ഒരു ഗവൺമെന്റും തയ്യാറായിട്ടില്ല. ഭരണകൂട ഭീകരതയിലേക്കു മാത്രമല്ല ശാസ്ത്ര ഭീകരതയിലേക്കും ഈ പുസ്തകം വെളിച്ചം വീശുന്നുവെന്നും അനിൽ പറഞ്ഞു.
ഗൾഫ് പ്രവാസജീവിതം പശ്ചാത്തലമാക്കി രചിക്കപ്പെട്ട നോവലാണ് ‘ടെന്പററി പീപ്പിൾ’. ഒരു നിർമ്മാണ മേഖലയിൽ നിന്ന് മറ്റൊന്നിലേക്ക് പോകുന്പോൾ അപ്രത്യക്ഷരാകുന്നവരാണിവർ. ക്രാഫ്റ്റിൽ വളരെയധികം ശ്രദ്ധിച്ച് രചിച്ചിട്ടുള്ള നോവലാണിത്. നരേറ്റീവ് ടെക്നിക്കുകളുടെ ഉപയോഗം പലപ്പോഴും കൃത്രിമം ആകുന്നുണ്ടെന്നും കൃഷ്ണകുമാർ പറഞ്ഞു.
ജയചന്ദ്രൻ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ ഫിറോസ് തിരുവത്ര സ്വാഗതവും വിജു കൃഷ്ണൻ നന്ദിയും പറഞ്ഞു.