ഖത്തറിന്റെ സൈനീക നീക്കങ്ങളുടെ പരിണിതഫലം കടുത്തതാകുമെന്ന് ബഹ്‌റൈൻ

മനാമ : ഖത്തർ നടത്തുന്ന സൈനിക വിന്യാസങ്ങളുടെ പരിണിതഫലം കടുത്തതായിരിക്കുമെന്ന് ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പുനൽകി. ഖത്തറുമായുള്ള പ്രശ്നങ്ങൾ രാഷ്ട്രീയപരവും സുരക്ഷാപരവുമായ കാരണങ്ങളാലാണെന്നും യുദ്ധത്തിലേക്ക് നയിക്കുന്ന പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും ബഹ്റൈന്‍ വിദേശകാര്യമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ ട്വിറ്ററിൽ പറഞ്ഞു. എന്നാൽ ഇത് കണക്കിലെടുക്കാതെ ഖത്തർ വിദേശ സൈനീക ശക്തികളുടെ സഹായം തേടിയിരിക്കുകയാണ്. ഇത് വലിയ പ്രത്യാഖ്യാതങ്ങൾ സൃഷ്ടിക്കും.
തീവ്രവാദി ഗ്രൂപ്പുകളെ പിന്തുണക്കുന്നു എന്നാരോപിച്ച് ജൂൺ 5 മുതലാണ് ബഹ്‌റൈൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങൾ ഖത്തറിനെതിരെ ഉപരോധമേർപ്പെടുത്തിയത്. ഉപരോധത്തിന്റെ ഭാഗമായി കര-വ്യോമ-നാവിക പാതകൾ അടച്ചതോടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ ഇറക്കുമതി വരെ പ്രതിസന്ധിയിലായി. പ്രശ്നപരിഹാരത്തിനായി രാജ്യങ്ങൾ മുന്നോട്ട് വച്ച 13 ഇന നിർദ്ദേശങ്ങൾ ഖത്തർ തള്ളിയിരുന്നു.
ഖത്തറിന് പിന്തുണ പ്രഖ്യാപിച്ച തുർക്കി, പാർലമെന്റിൽ അടിയന്തിര പ്രമേയം പാസാക്കി ആയിരക്കണക്കിന് സൈനികരെ ഖത്തറിന് വിട്ടുനൽകാൻ അങ്കാരക്ക് അനുമതി നൽകി. വ്യാഴാഴ്ച 23 സൈനികരും അഞ്ച് കവചിത വാഹനങ്ങളും അങ്കാര ഖത്തറിലേക്ക് അയച്ചു. 90 തുർക്കി സൈനികരും 100 കാർഗോ വിമാനങ്ങളും നിലവിൽ ഖത്തറിലുണ്ട്.
തങ്ങളുടെ ഇടപെടൽ പ്രശ്നം പരിഹരിക്കുമെന്നത് ചില പ്രാദേശിക ശക്തികളുടെ തെറ്റിദ്ധാരണ മാത്രമാണെന്നും ഷെയ്ഖ് ഖാലിദ് ട്വിറ്ററിൽ പറഞ്ഞു.