ദിറാസ് ഏറ്റുമുട്ടലിൽ അഞ്ച് പേർ കൊല്ലപ്പെട്ടു, 30 പോലീസുകാർക്ക് പരിക്ക്

മനാമ : ദിറാസിൽ ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരും നിയമവിരുദ്ധ സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 30 പോലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തു. പബ്ലിക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് അൽ ഹസ്സൻ ആണ് ഇന്നലെ വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.
ദിറാസിലെ അനധികൃത സംഘങ്ങളെ തുരത്താനുള്ള സെക്യൂരിറ്റി ഓപ്പറേഷനിടെ സംഘം സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇറാനിയൻ ഗ്രാനേഡുകൾ പ്രയോഗിച്ചു. കൂടാതെ കത്തി,കോടാലി, ഇരുമ്പ് ദണ്ഡുകൾ, ഫയർ ബോംബുകൾ തുടങ്ങിയവ ഉപയോഗിച്ചും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായി. പൊട്ടിത്തെറിക്കാതിരുന്ന ഒരു ഗ്രനേഡ് പരിശോധിച്ചതിൽ നിന്നുമാണ് ഇവ ഇറാനിൽ നിർമ്മിച്ചതാണെന്ന് കണ്ടെത്തിയത്. സമാധാനപരമായി പ്രതിഷേധ സംഘത്തെ കീഴ്പ്പെടുത്താൻ പോലീസ് ശ്രമിച്ചെങ്കിലും ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
ദിറാസിലുള്ള വിവാദ മതപുരോഹിതൻ ഇസ ഖാസിമിന്റെ വസതിയ്ക്ക് സമീപം തമ്പടിച്ചിരുന്ന ഇവരിൽ പോലീസ് തിരഞ്ഞിരുന്ന കുറ്റവാളികളും ഉണ്ടായിരുന്നതായി ഇന്റലിജൻസ് സ്ഥിരീകരിച്ചു. ദേശീയ സുരക്ഷയ്ക്ക് കോട്ടം വരുത്തുന്ന പ്രവർത്തനങ്ങളുടെ പേരിൽ ഇസ ഖാസിമിന്റെ പൗരത്വം നഷ്ടപ്പെട്ടതിനു ശേഷം, കഴിഞ്ഞ ജൂൺ മുതൽ ഇവർ ഇവിടെ നിയമവിരുദ്ധമായി സംഘം ചേർന്നിരുന്നതായാണ് റിപ്പോർട്ട്. അന്ന് മുതൽക്ക് തന്നെ പലവിധ വസ്തുക്കൾ കൊണ്ട് റോഡുകൾ അടച്ച് ഗതാഗതം തടസ്സപ്പെടുത്തുകയും മറ്റും ചെയ്തു വരികയായിരുന്നു ഇവർ. റോഡുകളിലെ തടസങ്ങളെല്ലാം നീക്കം ചെയ്യുകയും, 286 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം അറിയിച്ചു.
കൊല്ലപ്പെട്ട അഞ്ചുപേരിൽ നാല് പേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. മുഹമ്മദ് അഹ്‌മദ്, മുഹമ്മദ് നാസ്സർ, അഹ്‌മദ് അൽ അസ്‌ഫുർ, മുഹമ്മദ് ഹംദാൻ തുടങ്ങിയവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. അഞ്ചാമത്തെ മൃതദേഹം തിരിച്ചറിയാനുള്ള അന്വേഷണം നടന്നു വരികയാണ്. ഇവരുടെ ജീവൻ നഷ്ടപ്പെട്ടതിൽ ജനറൽ താരിഖ് ദുഃഖം രേഖപ്പെടുത്തി. വിദേശശക്തികളാൽ തെറ്റിദ്ധരിപ്പിക്കപ്പെട്ട് അക്രമങ്ങൾക്ക് ഇറങ്ങി തിരിച്ചവരാണ് അവരെന്ന് അദ്ദേഹം പറഞ്ഞു. അക്രമികളിൽ എട്ടുപേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രദേശത്തെ റോഡുകളിലെ തടസ്സങ്ങളെല്ലാം നീക്കം ചെയ്തതായും, സ്ഥിതിഗതികൾ പഴയപടിയാക്കി സമാധാനം പുനഃസ്ഥാപിച്ചതായും അദ്ദേഹം അറിയിച്ചു. സാധാരണക്കാരുടെ സുരക്ഷാ കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയെ കുറിച്ച് മാതാപിതാക്കൾ ഇപ്പോഴും ശ്രദ്ധിക്കണമെന്നും, നിയമവിരുദ്ധമായ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ ലഭിച്ചാൽ ഉടൻ അധികൃതരെ അറിയിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു