യൂറോപ്പ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്

സ്റ്റോക് ഹോം : യൂറോപ്പ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്. ഫൈനലില്‍ അയാക്സിനെ എതിരില്ലാത്ത രണ്ടു ഗോളിന് പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്ററിന്റെ യൂറോപ്പ കിരീടനേട്ടം.
മാഞ്ചസ്റ്ററിന് വേണ്ടി പോൾ പോഗ്ബയും ഹെൻട്രിക് മിക്ഹിതയനുമാണ് ഗോളുകൾ നേടിയത്. മല്‍സരത്തിന്റെ 18ആം മിനിറ്റിലാണ് പോഗ്ബ മാഞ്ചസ്റ്ററിനെ മുന്നിലെത്തിച്ചത്. ബോക്സിന് തൊട്ടടുത്ത് നിന്ന് പോഗ്ബ തൊടുത്ത ഷോട്ട് ഗോളിയെയും കീഴടക്കി വലയിലെത്തി.
രണ്ടാം പകുതിയിലെ 48ആം മിനുട്ടിലായിരുന്നു മക്ഹിതയന്റെ ഗോള്‍. ക്രിസ് സ്മെലിംഗിന്‍റെ ഹെഡർ, മിക്ഹിതയൻ ഗോളിലേക്ക് തിരിച്ചുവിട്ട് മാഞ്ചസ്റ്ററിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. വിജയത്തോടെ അടുത്തവർഷം നടക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യോഗ്യത നേടി.