ബി.എസ് വാര്യരുടെ കരിയർ ഗൈഡൻസ് ക്ലാസ് ശ്രദ്ധേയമായി

മനാമ : നൂതന വിദ്യാഭ്യാസ മേഖലകളെ പരിചയപ്പെടുത്തിയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്കെല്ലാം മറുപടി നൽകികൊണ്ടും ബി.എസ് വാര്യർ പകർന്ന അറിവുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേറിട്ട ഒരനുഭവമായി മാറി. ബഹ്‌റൈൻ കേരളീയ സമാജം പുസ്തകോത്സവത്തോടനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ബി.എസ് വാര്യർ തന്റെ അറിവിന്റെ വെളിച്ചം കുട്ടികൾക്ക് പകർന്നു നൽകിയത്. ഓരോരുത്തരുടെയും കഴിവിനെ അടിസ്ഥാനപ്പെടുത്തി തിരഞ്ഞെടുക്കാവുന്ന നിരവധി വിദ്യാഭ്യാസ മേഖലകൾ ഉണ്ടാകുന്പോൾ മാതാപിതാക്കൾ വെറുതെ ഡിഗ്രി പഠനത്തിന് വേണ്ടി കുട്ടികളെ നിർബന്ധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് പത്താം ക്ലാസ് പരീക്ഷ നല്ല മാർക്കോടെ പാസാകുന്ന കുട്ടിക്ക് പൈലറ്റ് ആകാൻ വരെ സാധിക്കുന്ന തരത്തിലുള്ള വിവിധ കോഴ്‌സുകൾ ഉണ്ട്. ഡിഗ്രി കഴിഞ്ഞതിന് ശേഷം വീണ്ടും അത്തരം കോഴ്‌സുകളിലേയ്ക്ക് വഴിതിരിച്ചു വിടുന്പോൾ വർഷങ്ങൾ പാഴാകുകയാണെന്ന് ഉദാഹരണമായി അദ്ദേഹം ചൂടിക്കാട്ടി.
പലപ്പോഴും കുട്ടികളും രക്ഷിതാക്കളും കൃത്യമായ കാഴ്ചപ്പാടുകൾ ഇല്ലാതെ സമയം വ്യർത്ഥമാക്കുന്ന തരത്തിലുള്ള പഠന മാർഗ്ഗങ്ങൾ തിരഞ്ഞെടുക്കുന്നതിനെ അദ്ദേഹം നിരുത്സാഹപ്പെടുത്തുന്നു. മാതാപിതാക്കൾക്കും, കുട്ടികൾക്കും കൃത്യമായി വിദ്യഭ്യാസത്തെ കുറിച്ചുള്ള പുതിയ അറിവുകൾ കിട്ടാവുന്ന പല മികച്ച വെബ്‌സൈറ്റികളും അദ്ദേഹം പരിചയപ്പെടുത്തി. ഇന്നത്തെ തൊഴിൽ സാഹചര്യങ്ങളെയും ഭാവിയിൽ പ്രയോജനപ്രദമാകാവുന്നതും തൊഴിൽ ഉറപ്പ് നൽകുന്നതിനോ ജീവിതവിജയം നേടാനോ കഴിയുന്നതുമായ നിരവധി വിദ്യാഭ്യാസ മേഖലകളെ പരിചയപ്പെടുത്തിയത് വ്യത്യസ്തവും വളരെ പ്രയോജനപ്രദവും ആയിരുന്നു. വിദ്യ തേടുന്നതിന് മാത്രമല്ല നല്ല വ്യക്തിത്വ വികസനത്തിനുതകുന്ന സന്പൂർണ കരിയർ ഗൈഡൻസ് ആയിരുന്നു അദ്ദേഹം നൽകിയത്. ക്ലാസ്സിൽ പങ്കെടുക്കാൻ കഴിഞ്ഞ ഓരോ വ്യക്തികളും പൂർണ്ണതൃപ്തരായാണ് മടങ്ങിയത്.