ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയൊരുക്കി ബ്രിട്ടൺ

ലണ്ടൻ : മാഞ്ചസ്റ്ററിൽ 22 പേരുടെ മരണത്തിനിടയാക്കിയ ചാവേർ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ബ്രിട്ടൻ സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കി. ഇനിയും ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്നു പ്രധാനമന്ത്രി തെരേസ മെയ് വിലയിരുത്തിയ സാഹചര്യത്തിൽ അതീവ സുരക്ഷാസംവിധാനങ്ങളൊരുക്കി എല്ലാ പഴുതുകളും അടയ്ക്കാനുള്ള ശ്രമത്തിലാണു സുരക്ഷാ ഉദ്യോഗസ്ഥർ.
ബ്രിട്ടീഷ് പാർലമെന്റും രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിങ്ങാം കൊട്ടാരവുമെല്ലാം പട്ടാള കാവലിലാണ്. ലണ്ടൻ ഐ, ടവർ ബ്രിഡ്ജ്, ഗ്രീനിച്ച് പെനിൻസുല, വെസ്റ്റ് മിനിസ്റ്റർ ആബി, സെന്റ് പോൾസ് കത്തീഡ്രൽ തുടങ്ങി ലണ്ടൻ നഗരത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം പൊലീസിന്റെ നിയന്ത്രണത്തിലാണ്. രാജ്യത്തൊട്ടാകെ 3,800 പട്ടാളക്കാരെയാണ് സുരക്ഷാ ജോലിയ്ക്കായി നിയോഗിച്ചിരിക്കുന്നത്.